ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ച യുവാവ് യുട്യൂബര്‍ ; യൂട്യൂബില്‍ അറിയപ്പെട്ടത് എംസി മുന്നു’ എന്ന പേരിൽ ; അവസാന വീഡിയോ അപ്‌ലോഡ് ചെയ്തത് 11 ദിവസങ്ങള്‍ക്കു മുൻപ് ; സംഭവത്തില്‍ പത്തു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ; സുഹ്യത്ത് ഉൾപ്പെടെ പെണ്‍കുട്ടികള്‍ മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കി
സ്വന്തം ലേഖകൻ
കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ച യുവാവ് യുട്യൂബര്‍. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (26) ആണ് മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ചത്.
എംസി മുന്നു’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടത്. അവസാന വീഡിയോ ഇയാള്‍ 11 ദിവസങ്ങള്‍ക്കു മുന്‍പാണ് അപ്‌ലോഡ് ചെയ്തത്. സംഭവം അറിഞ്ഞശേഷം വിഡിയോയ്ക്കു താഴെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള കമന്റുകളാണു വരുന്നത്. എല്ലാ വിഡിയോകളും ഹിന്ദി ഭാഷയിലാണ് അശോക് ദാസ് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീർഘനാളായി വാളകത്തു വാടകയ്ക്കു താമസിച്ചിരുന്ന അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ്, നെഞ്ചിലും തലയിലും ഉണ്ടായ ക്ഷതത്തെ തുടർന്നാണു മരിച്ചത്. രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ താമസസ്ഥലത്തു ബഹളമുണ്ടാക്കി മടങ്ങുമ്ബോള്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്തശേഷം ആശുപത്രിലായിരുന്നു മരണം. സംഭവത്തില്‍ പത്തു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെടാൻ സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡിലാണു സംഭവം. കയ്യില്‍ രക്തം വാർന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്ബു തൂണിലാണ് ഒരു സംഘം ആളുകള്‍ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്തത്. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്തം വാർന്നൊഴുകി അവശ നിലയിലായിരുന്നു. പൊലീസ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടി വരുമെന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു ഡോക്ടർമാർ റഫർ ചെയ്തു. ഇതിനിടെ അശോക് ദാസ് മരിച്ചു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണകാരണമായെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
വാളകത്ത് ഹോട്ടലില്‍ അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാൻ വൈകിട്ട് അവരുടെ താമസസ്ഥലത്ത് എത്തിയതായിരുന്നു ഇയാള്‍. എല്‍എല്‍ബിക്കു പഠിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയും ഈ യുവതിക്കൊപ്പം ഇവിടെ താമസിച്ചിരുന്നു. ഇവരുടെ വീട്ടില്‍ വച്ച് അശോക് ദാസ് മദ്യപിച്ചു എന്നു പൊലീസ് പറയുന്നു. പിന്നീട് അശോകിന്റെ സുഹൃത്തായ യുവതി ഹോട്ടലിലേക്കു പോയെങ്കിലും ഏഴരയോടെ തിരിച്ചെത്തി. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി പേടിച്ച് നിരന്തരം വിളിച്ചതോടെയാണ് സുഹൃത്ത് തിരിച്ചു വന്നതെന്ന് പൊലീസ് പറയുന്നു. വരുമ്ബോള്‍ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നു പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്കുശേഷം പ്രതികളുമായി തെളിവെടുപ്പ് നടത്തും. സംഘം ചേർന്ന് മർദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്നുപേർ സംഭവത്തില്‍ പ്രതികളാണ്. കൂടാതെ ഒരു മുൻ പഞ്ചായത്ത് അംഗവും പ്രതിയാണ്.