മതില്‍ ചാടി, സഞ്ചിയും തൂക്കി ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി; വീട് കുത്തി തുറന്ന് മോഷ്ടിച്ചത് 8.6 ലക്ഷം രൂപയും 32 പവനും; അരുവിക്കരയില്‍ പട്ടാപ്പകല്‍ മോഷണം നടന്നത് ഭക്ഷ്യസുരക്ഷ വിഭാഗം റിസര്‍ച്ച് ഓഫീസറുടെയും ജയ്ഹിന്ദ് ടി.വി ജീവനക്കാരൻ്റെയും വീട്ടിൽ
സ്വന്തം ലേഖിക
തിരുവനന്തപുരം: അരുവിക്കരയില്‍ പകല്‍ സമയത്ത് വീട് കുത്തി തുറന്ന് 8.6 ലക്ഷം രൂപയും 32 പവനും മോഷ്ടിച്ചു.
ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ രാജി പി.ആര്‍ ന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇവരുടെ ഭര്‍ത്താവ് മുരുകന്‍ ജയ്ഹിന്ദ് ടി.വി ജീവനക്കാരനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുവിക്കര -ചെറിയ കൊണി – കാവുനടയില്‍ ഉള്ള മെയില്‍ റോഡിനോട് ചേര്‍ന്ന വീട്ടിലാണ് മോഷണം നടന്നത്. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് നല്‍കാന്‍ സൂക്ഷിച്ച 8 ലക്ഷം രൂപയും വീട്ടില്‍ അല്ലാതെ ഉണ്ടായിരുന്ന 65,000 രൂപയും ആണ് മോഷണം പോയത്.
ഇതിന് പുറമെ രാജിയുടെയും മക്കളുടെയും 32 പവന്‍ സ്വര്‍ണ്ണവും മോഷണം പോയിട്ടുണ്ട്. വീടിന്റെ പ്രധാന വാതില്‍ കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത് എന്ന് പൊലീസ് പറഞ്ഞു.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് മോഷണം പോയത്. സംഭവ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ അയല്‍വാസിയായ വീട്ടമ്മയാണ് രണ്ട് പേര്‍ മതില്‍ചാടി സഞ്ചിയും തൂക്കി കാറില്‍ പോകുന്നത് കണ്ടത്.
തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുരുകനും ഭാര്യയും ജോലി സ്ഥലത്ത് നിന്നും എത്തി പരിശോധിച്ചപ്പോള്‍ ആണ് വീട്ടില്‍ മോഷണം നടന്നത് അറിയുന്നത്.
സ്ഥലവില്‍പ്പന നടത്തി പണം വീട്ടില്‍ സൂക്ഷിച്ചിരുന്നത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നലെന്ന് പൊലീസ് പറയുന്നു. ഉടന്‍ അരുവിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡ് ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.