രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുപ്പിച്ച് പോലീസ്; മൂന്ന് കേസുകളില്‍കൂടി അറസ്റ്റ്.
സ്വന്തം ലേഖിക
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി കടുപ്പിച്ച് പോലീസ്. മൂന്ന് കേസില്‍ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ജില്ലാ ജയിലില്‍ വെച്ച് കന്റോണ്‍മെന്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെടുത്ത രണ്ട് കേസുകളിലും ഡിജിപി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലുമാണ് നടപടി. മൂന്ന് കേസിലും റിമാന്‍ഡ് ആവശ്യപ്പെടുന്നതിനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാളെ രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നീക്കം. ഇതോടെ രാഹുലിനെ അറസ്റ്റ് ചെയ്ത കേസുകളുടെ എണ്ണം നാലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കണ്ടോണ്‍മെന്റ് പോലീസാണ് പത്തനംതിട്ടയിലെ വീട്ടില്‍ എത്തി പുലര്‍ച്ചെ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ വൈദ്യ പരിശോധനയ്ക്ക് പിന്നാലെയാണ് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചത്. 22 വരെയാണ് രാഹുലിന്റെ റിമാന്‍ഡ് കാലാവധി.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കോടതിയെ അറിയിച്ച സാഹചര്യത്തില്‍ രണ്ട് തവണയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വൈദ്യ പരിശോധന നടത്തിയത്.കേസിലെ നാലാം പ്രതിയാണ് രാഹുല്‍. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. പിണറായി വിജയനെതിരെ പ്രതിഷേധിച്ചാല്‍ പോലീസ് എന്തും ചെയ്യുമെന്നാണ് രാഹുലിന്റെ അറസ്റ്റ് അറസ്റ്റ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കേരളത്തിലുണ്ടായ എല്ലാ സമരങ്ങളെയും ഇങ്ങനെയാണോ ഭരണകൂടങ്ങള്‍ നേരിട്ടിട്ടുള്ളത്? വെളുപ്പിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യേണ്ട എന്ത് അടിയന്തര സാഹചര്യമാണുണ്ടായതെന്നും ചെന്നിത്തല ചോദിച്ചു.
വീട്ടില്‍ കയറി ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും 14 ജില്ലകളിലും ജനാധിപത്യരീതിയില്‍ പ്രതിഷേധമുണ്ടാകുമെന്നും ഷാഫി പറമ്ബില്‍ എംഎല്‍എ പറഞ്ഞു. ആര്‍ഷോ മോഡല്‍ പോലീസിന്‌റെ ഓമനിക്കല്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല. നവഗുണ്ടാ സദസ് പൊളിഞ്ഞതിന്‌റെ ചൊറിച്ചില്‍ കൊണ്ടാണ് പിണറായി വിജയന്‍ ഇങ്ങനെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം കൊടുത്തത്. വീടുവളഞ്ഞുള്ള അറസ്റ്റ് പോലീസിന്‌റെ ബോധപൂര്‍വമായ പ്രകോപനമാണ്. പിണറായി വിജയന്‌റെ നേരിട്ടുള്ള നിര്‍ദേശമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് വ്യക്തമാണെന്നും ഷാഫി പറഞ്ഞു.