കുങ്കിയാനകള്‍ എത്താന്‍ വൈകി; ‘അരിക്കൊമ്പന്‍ ദൗത്യ’ത്തിന്‍റെ തീയതി മാറ്റി;  മയക്ക് വെടി വെക്കുക 26 ന്

കുങ്കിയാനകള്‍ എത്താന്‍ വൈകി; ‘അരിക്കൊമ്പന്‍ ദൗത്യ’ത്തിന്‍റെ തീയതി മാറ്റി; മയക്ക് വെടി വെക്കുക 26 ന്

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ തീയതി മാറ്റി.

26 ആം തീയതിയിലാണ് അരിക്കൊമ്പനെ മയക്ക് വെടി വെക്കുക. കുങ്കിയാനകള്‍ എത്താന്‍ വൈകിയതും പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്നതുമാണ് തീയതി മാറ്റാന്‍ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ചിന്ന കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളുടെ സംയുക്ത യോഗം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് യോഗം.

അതേസമയം, അരിക്കൊമ്പനെ പിടികൂടാന്‍ സൂര്യ എന്ന കുങ്കിയാനയെക്കൂടി ചിന്നക്കനാലില്‍ എത്തിച്ചു. ഇന്നലെ വൈകിട്ട് വയനാട്ടില്‍ നിന്നും പുറപ്പെട്ട സൂര്യന്‍ പതിമൂന്ന് മണിക്കൂ‍ര്‍ സഞ്ചരിച്ച്‌ ഇന്ന് രാവിലെ ആറരയോടെയാണ് ചിന്നക്കനാലില്‍ എത്തിയത്.

രണ്ട് ദിവസം മുന്‍പ് എത്തിയ വിക്രമിനൊപ്പം സിമൻ്റുപാലത്താണ് സൂര്യനുമിപ്പോഴുള്ളത്. വനം വകുപ്പിൻ്റെ പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള കുങ്കിയാനയാണ് സൂര്യന്‍. ദൗത്യസംഘത്തിലെ പ്രധാനികളായ കുഞ്ചുവും, കോന്നി സുരേന്ദ്രനും നാളെ വൈകിട്ട് വയനാട്ടില്‍ നിന്നും പുറപ്പെടും.

നാല് കുങ്കിയാനകളെ ഉപയോഗിച്ച്‌ കാട്ടാനയെ പിടിക്കുന്ന ആദ്യത്തെ ദൗത്യമാണിത്. മയക്ക് വെടിയേറ്റ് ആനയിറങ്കല്‍ ഡാമിലേക്ക് അരിക്കൊമ്പന്‍ ഓടിയാല്‍ തടയാന്‍ ഒരു കുങ്കിയാനയെ നിയോഗിക്കും. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 71 അംഗ ദൗത്യസംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പാക്കുക. ദൗത്യത്തിന് മുൻപ് കുങ്കിയാനകളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്തും.