play-sharp-fill
എല്ലാ വർഷവും അമ്മയുടെ കുഴിമാടത്തിലെത്തുന്ന അരിക്കൊമ്പൻ; അമ്മയുടെ ആണ്ടടുക്കുമ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും ചിന്നകനാലിൽ എത്തുമോ?

എല്ലാ വർഷവും അമ്മയുടെ കുഴിമാടത്തിലെത്തുന്ന അരിക്കൊമ്പൻ; അമ്മയുടെ ആണ്ടടുക്കുമ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും ചിന്നകനാലിൽ എത്തുമോ?

സ്വന്തം ലേഖകൻ

ഇടുക്കി: അരിക്കൊമ്പൻ അമ്മ മരിച്ചിടത്ത് എല്ലാ വർഷവും എത്താറുണ്ട്. അമ്മയുടെ ആണ്ടടുക്കുമ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും അരിക്കൊമ്പൻ ചിന്നകനാലിൽ എത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഏകദേശം രണ്ട് വയസ് പ്രായമുള്ളപ്പോഴാണത്രെ
അരിക്കൊമ്പന് അമ്മയെ നഷ്ടമാകുന്നത്. അവന്റെ മുന്നിൽ വെച്ചാണ് അവശയായ പിടിയാന കുഴഞ്ഞ് കുഴിയിലേക്ക് വീഴുന്നതും മരിക്കുന്നതും. രണ്ട് ദിവസം അമ്മയുടെ മൃതദേഹത്തിനരുകിൽ കുട്ടിയാനയായ അരിക്കൊമ്പൻ നിന്നെന്നും പിന്നീട് കാട്ടാനക്കൂട്ടമെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നും പ്രദേശവാസികൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

1987 ഡിസംബറിലാണ് അരിക്കൊമ്പന്റെ അമ്മ ചെരിയുന്നത്. ചിന്നകനാലിലെ മുട്ടുകാട് തോട്ടത്തിലെത്തിയ അരിക്കൊമ്പനും അവന്റെ അമ്മയും. അപ്പോഴവിടെ വിറക് ശേഖരിക്കാനും മറ്റുമായി കുറേയെറെ പ്രദേശവാസികളുണ്ടായിരുന്നു. അവശയായ നിലയിലായിരുന്നു പിടിയാന. തൊഴിലാളികൾ ആ ആനക്ക് പഴവും മറ്റും നൽകി. നിലവിട്ട ആന കയ്യാലയിൽ നിന്നും ഒരു കുഴിയിലേക്ക് പതിച്ചു. അവിടെ നിന്നും എഴുന്നേൽക്കാനാകാതെ അത് അവിടെ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞതോടെ ജീവനും വെടിഞ്ഞു. കുട്ടിയാനയായ ഇന്നത്തെ അരിക്കൊമ്പൻ അമ്മയുടെ അരുകിൽ നിന്നും മാറിയില്ല. മൂന്നു ദിനമാണ് അമ്മയുടെ ജഡത്തിനരുകിൽ കുട്ടിക്കൊമ്പൻ നിന്നതെന്ന് പ്രദേശവാസികൾ പിന്നീട് ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മൂന്നാം ദിവസം മറ്റ് കാട്ടാനകളെത്തിയാണ് കുട്ടിയാനയെ തിരികെ വനത്തിലേക്ക് കൊണ്ടുപോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ശേഷം എല്ലാ വർഷവും നവംബർ – ഡിസംബർ മാസങ്ങളിൽ മുട്ടുകാട് തോട്ടത്തിൽ അരിക്കൊമ്പൻ എത്താറുണ്ട്. അമ്മ മരിച്ചുവീണ കുഴിയിലിറങ്ങി കുറേ സമയം നിൽക്കും. അതിന് ശേഷം അവിടെയുള്ള വിളകൾ ഒന്നും നശിപ്പിക്കാതെ തിരികെ കയറി പോകും. ആ സ്ഥലത്ത് നിന്നും വളരെ ദൂരെയെത്തിയ ശേഷം മാത്രമാണത്രെ അവൻ ഭക്ഷണം പോലും കഴിക്കാറുള്ളത്.

അമ്മ ചെരിഞ്ഞതോടെയാണ് ആദ്യമായി അരിക്കൊമ്പൻ മനുഷ്യർക്ക് നേരേ തിരിയുന്നത്. അന്ന് അവിടെ കൂടിയ ആളുകളുടെ കൂട്ടത്തിൽ ഒരു നായയുമുണ്ടായിരുന്നു. സ്വന്തം ശരീരത്തിൽ പൂഴി വാരിയിട്ടും അമ്മയുടെ ശരീരത്തിലെ ഈച്ചകളെ ആട്ടിയും നിന്ന കുട്ടിയാനയുടെ സമീപത്തേക്ക് നായ ചെന്നു. നായയെ വിരട്ടിയോടിക്കാൻ ശ്രമിച്ച ആനയെ തടയാൻ നാട്ടുകാരും ശ്രമിച്ചു. ഇതോടെ കുട്ടിയാന ജനങ്ങളുടെ നേരേ തിരിയുകയായിരുന്നത്രെ.

ഇതെല്ലാം പല സമയങ്ങളിലായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞ കഥകളാണ്. അരിക്കൊമ്പന്റെ ശല്യം ഏറുമ്പോഴും അവന്റെ കഥകൾ പറയാൻ ആ നാട്ടുകാർക്ക് വലിയ ആവേശമായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിന്നക്കനാലിന് പുറത്തുള്ള ആളുകൾക്കും അവൻ പ്രിയപ്പെട്ടവനായത്. അരിക്കൊമ്പൻ തിരികെ ചിന്നകവാലിലെത്തുമെന്ന് ആളുകൾ വിശ്വസിക്കുന്നതും ആ ഇഷ്ടം കൊണ്ടാണ്. സാധാരണ ജീവികളിൽ നിന്നും വ്യത്യസ്തരായ ആനകളെ മനുഷ്യർ ഇഷ്ടപ്പെടുന്നത് തന്നെ രണ്ട് തരത്തിലാണ്. ചിലർ അതിനെ മെരുക്കി നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ എഴുന്നള്ളിക്കുന്നതാണ് പ്രൗഢി എന്ന് പറയുമ്പോൾ, മറ്റ് ചിലരാകട്ടെ, അവയെ സ്വന്തം ആവാസ വ്യവസ്ഥയിൽ സ്വതന്ത്രരായി വിഹരിക്കാൻ അനുവദിക്കണം എന്ന് വാദിക്കുന്നവരാണ്.

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ എത്തണമെന്ന് ആ​ഗ്രഹിക്കുന്ന വലിയൊരു വിഭാ​ഗം ജനങ്ങൾ ഇവിടെയുണ്ട്. ആന സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വനംവകുപ്പും തള്ളിക്കളയുന്നില്ല. എന്നാൽ അതത്ര ലളിതവുമല്ല. പക്ഷേ, മറ്റ് ആനകളിൽ നിന്നും വ്യത്യസ്തമായി, അരിക്കൊമ്പന്റെ സഞ്ചാര​ഗതി അറിയാൻ സാധിക്കുന്നു എന്നതാണ് അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് എത്തുമോ ഇല്ലയോ എന്ന ചർച്ചകളെ സജീവമാക്കുന്നത്.

പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ട അരികൊമ്പനെ നിരീക്ഷിക്കാൻ നിലവിൽ മൂന്നു മാർഗ്ഗങ്ങളാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. എങ്കിൽ കൂടിയും ഇടയ്ക്കിടെ അരിക്കൊമ്പൻ പരിധിക്ക് പുറത്താകുന്നത് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിലെ ഉപഗ്രഹ സിഗ്നൽ പരിശോധിച്ചും, വിഎച്ച്എഫ് ആൻറിന വഴിയും ഒപ്പം വനപാലകരുടെ ഒരു സംഘത്തെ നിയമിച്ചുമാണ് നിലവിൽ നിരീക്ഷണം നടക്കുന്നത് .

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടന വനംവകുപ്പിന് കൈമാറിയ ജിപിഎസ് കോളറാണ് അരിക്കൊമ്പൻറെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കൻ എലിഫൻറ് ട്രാക്കർ എന്ന വെബ് പോർട്ടൽ വഴിയാണ് വനംവകുപ്പിന് സിഗ്നൽ സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇതിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹങ്ങളിലേക്കാണ് പോകുന്നത്. 26 ഉഹഗ്രഹങ്ങളുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും ആന നിൽക്കുന്ന സ്ഥലം സംബന്ധിച്ച സിഗ്നൽ കോളറിൽ നിന്നും പുറപ്പെടും. ആ സമയത്ത് ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഉപഗ്രഹം സിഗ്നൽ സ്വീകരിക്കും.

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ പ്രവേശിച്ച് സിഗ്നൽ സംബന്ധിച്ച വിവരം ശേഖരിക്കാൻ കഴിയുക. മഴക്കാറുള്ളപ്പോഴും ഇടതൂർന്ന് മരങ്ങളുള്ള വനത്തിലേക്ക് ആനയെത്തുമ്പോഴും കോളറിൽ നിന്നും പുറപ്പെടുന്ന സിഗ്നൽ ഉപഗ്രഹത്തിൽ ലഭിക്കാതെ വരും. നിലവിൽ ഓരോ മണിക്കൂർ ഇടവിട്ട് സിഗ്നൽ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇത് വർധിപ്പിക്കും. കൂടുതൽ കാലം ബാറ്ററി നിലനിൽക്കുന്നതിനാണിത്. കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ കാട്ടാന പൊട്ടിച്ചു കളഞ്ഞ സംഭവങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്.

ഇതോടൊപ്പം വിഎച്ച്എഫ് ആൻറിന ഉപയോഗിച്ചും നിരീക്ഷണം നടത്താം. മൊബൈൽ റേഞ്ച് പോലെ ആനയിൽ നിന്നും നിശ്ചിത അകലത്തിൽ എത്തുമ്പോഴാണ് സിഗ്നൽ കിട്ടുക. ഇതിനെല്ലാം പുറമെ വനപാലകരുടെ പ്രത്യേക സംഘത്തെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇവർ ഇന്നലെ ആനയെ കണ്ടതായാണ് ചെയ്തതായാണ് അറിയിച്ചത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിലാണ് വിഎച്ച്എഫ് ആൻറിനയുടെ സഹായത്തോടെ അരിക്കൊമ്പനെ കണ്ടെത്തിയത്.