ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മർദ്ദം ; പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് തീർത്തു ; എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു ; ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി
സ്വന്തം ലേഖകൻ
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം.
”വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും കണ്ടെത്തി’, പ്രസ്താവനയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും കൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദര്‍ഭത്തില്‍ സൈറയുടെ സ്വകാര്യത മാനിക്കണം എന്നും വന്ദന ഷാ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്ബതികള്‍ക്കുള്ളത്. ഗുജറാത്തി കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു സൈറാ ബാനു.
തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ് എന്ന് റഹ്‌മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് സിമി ഗരേവാളുമായുള്ള ഒരു ചാറ്റ് ഷോയില്‍ എആര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നത്. ‘സത്യം പറഞ്ഞാല്‍ എനിക്ക് വധുവിനെ അന്വേഷിക്കാന്‍ സമയമില്ലായിരുന്നു. സിനിമകളും രംഗീലയുമെല്ലാം ഞാന്‍ ബോംബെയില്‍ ചെയ്യുന്ന കാലമായിരുന്നു.
എങ്കിലും വിവാഹം കഴിക്കാന്‍ പറ്റിയ സമയമാണിതെന്ന് എനിക്കറിയാമായിരുന്നു. 29 വയസായിരുന്നു അപ്പോള്‍ എനിക്ക് പ്രായം. എനിക്ക് ഒരു വധുവിനെ കണ്ടെത്തിക്കോളൂ എന്ന് ഞാന്‍ തന്നെ അമ്മയോട് പറയുകയായിരുന്നു,’ എന്നായിരുന്നു റഹ്‌മാന്‍ അന്ന് പറഞ്ഞിരുന്നത്. തന്നെ അധികം പ്രയാസപ്പെടുത്താത്ത ലാളിത്യമുള്ള ഒരാളെ കണ്ടെത്തണം എന്നായിരുന്നു താന്‍ പറഞ്ഞത് എന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റഹ്‌മാന്‍ മിക്ക അവാര്‍ഡുകള്‍ ഏറ്റുവാങ്ങാനും സൈറയ്‌ക്കൊപ്പമായിരുന്നു പോയിരുന്നത്. ഈ വര്‍ഷം ജൂലൈയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങില്‍ ആണ് അവസാനമായി ഇരുവരും ഒന്നിച്ച് ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്.