കോട്ടയം ജില്ലാ പോലീസിന് അഭിമാനം ; 16 വര്‍ഷത്തിന് ശേഷം ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ; പാലായില്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
പാലാ : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാ ഖാൻ (43) എന്നയാളെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ 2008 ല്‍ പാലായില്‍ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വീടുകൾ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന ഇയാൾ പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയും, വീട്ടിൽ തനിച്ചായിരുന്ന മാനസിക വൈകല്യം ഉണ്ടായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിയിൽ നിന്നും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനുവേണ്ടി എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ണർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് യാഹ്യാ ഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പഴുതടച്ച റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ 2024 ജനുവരിയിൽ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളെ വിമാന മാർഗ്ഗം ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടി കൊച്ചിയിൽ എത്തിക്കുകയായിരുന്നു. പാലാ ഡിവൈഎസ്പി സദന്‍ കെ, പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, എസ്.ഐ ബിജു കുമാർ( ഇന്റർ പോൾ ലെയ്സൺ ഓഫീസർ ) എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.