അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നടപടികള്‍ നിയമപ്രകാരമെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി; ദത്തെടുക്കല്‍ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നടപടികള്‍ നിയമപ്രകാരമെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി; ദത്തെടുക്കല്‍ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

സ്വന്തം ലേഖിക

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നടപടികള്‍ പൂര്‍ണമായും നിയമപരമായാണ് നടന്നതെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി പോലീസിന് റിപ്പോര്‍ട്ട് നല്‍കി.

കുഞ്ഞിനെ ആര്‍ക്ക് നല്‍കിയെന്നോ, എപ്പോള്‍ നല്‍കിയെന്നോ അറിയിക്കാനാകില്ലെന്നും ഏജന്‍സി പ്രതികരിച്ചു. ദത്തെടുക്കല്‍ നിയമപ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഏജന്‍സി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി ഉള്‍പ്പെടെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വ്യക്തത വരുത്താന്‍ ഡിഎന്‍എ പരിശോധന വരെ നടത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോ‍ര്‍ട്ട് നല്‍കാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിര്‍ദ്ദേശം നല്‍കിയത്.

പരാതിയില്‍ സമയോചിതമായി സര്‍ക്കാര്‍ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു. എന്നാല്‍ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമര്‍ശിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നടപടിയുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.