തൊണ്ടിമുതല്‍ കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം; പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു; സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജുവിന് ആശ്വസിക്കാം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. പുനരന്വേഷണം നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
പുനരന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആന്റണി രാജുവിനെതിരായ കുറ്റപത്രം റദ്ദാക്കിയതിനെതിരെ അജയന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. നോട്ടീസുകള്‍ക്ക് ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍. റദ്ദാക്കിയതെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്.
വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്.ഐ.ആറിലോ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് ആന്റണി രാജുവിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവര്‍ വാദിച്ചു. 33 വര്‍ഷം മുമ്പുള്ള കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇത് മൂന്നാംതവണയാണ് അന്വേഷണം നടക്കുന്നത്. തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് പേര് കുറ്റപത്രത്തില്‍ ഉള്‍കൊള്ളിച്ചിരുന്നതെന്നും ആന്റണി രാജുവിന്റെ അഭിഭാഷകര്‍ വാദിച്ചു.
അജയന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കരുതെന്നും ആന്റണി രാജുവിന്റെ അഭിഭാഷകര്‍ വാദിച്ചു. ക്രിമിനല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ പരാതിക്കാരന്റെയോ അല്ലാതെ മറ്റൊരാളുടെ വാദം കോടതിക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു വാദം. എന്നാല്‍, ഈ വാദം കോടതി പ്രഥമദൃഷ്ട്യാ അംഗീകരിച്ചില്ല.