ആന്തൂരിലെ സാജന്റെ ആ്ത്മഹത്യ: കൺവൻഷൻ സെന്ററിന് അനുമതി നൽകിയാലും പ്രശ്‌നങ്ങൾ തീരുന്നില്ല; അനുമതി നൽകാൻ പിഴവുകൾ തിരുത്തേണ്ടി വരും; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും എതിരെ നടപടിയില്ല

ആന്തൂരിലെ സാജന്റെ ആ്ത്മഹത്യ: കൺവൻഷൻ സെന്ററിന് അനുമതി നൽകിയാലും പ്രശ്‌നങ്ങൾ തീരുന്നില്ല; അനുമതി നൽകാൻ പിഴവുകൾ തിരുത്തേണ്ടി വരും; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും എതിരെ നടപടിയില്ല

സ്വന്തം ലേഖകൻ

കണ്ണൂർ: ആന്തൂരിലെ സാജന്റെ ആ്ത്മഹത്യയ്ക്കു പിന്നാലെ കൺവൻഷൻ സെന്ററിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും പ്രശ്‌നങ്ങൾ തീരുന്നില്ല. കൺവൻഷൻ സെന്ററിന്റെ പിഴവുകൾ പരിഹരിച്ച ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. എന്നാൽ, സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയക്കാർക്കുമെതിരെ ഇതുവരെയും നടപടികൾ ഉണ്ടായിട്ടുമില്ല.
സാജനെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ഒന്നടക്കം ആരോപിക്കുന്നുണ്ട്.

എന്നാൽ പി.കെ. ശ്യാമളയെ ഇന്നു വരെ പൊലീസ് ചോദ്യം ചെയ്യുകയോ അവരുടെ മാഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. പൊലീസിന്റെ ഈ നിലപാടിനെതിരെ ആന്തൂരിലെ ജനങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ട്. രാഷ്ട്രീയ-ഭരണ സ്വാധീനമുള്ളവർക്കു നേരെ ഒരു ചെറു വിരലനക്കാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് നഗരവാസികൾ പറയുന്നത്. നഗരസഭാദ്ധ്യക്ഷക്കു നേരെ സാജന്റെ കുടുംബവും പാർത്ഥാ കൺവെൻഷൻ സെന്ററിലെ ജീവനക്കാരും മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ രേഖകളിൽ ചട്ടലംഘനമുണ്ടെന്ന് രേഖപ്പെടുത്തപ്പെട്ട പാർത്ഥാ കൺവെൻഷൻ സെന്ററിന് കാര്യമായ കുറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. കേവലം ദിവസങ്ങൾ കൊണ്ട് ഇതെല്ലാം പരിഹരിക്കപ്പെടുകയും കൺവെൻഷൻ സെന്ററിന് നഗരസഭാ സെക്രട്ടറി പരിശോധന നടത്തി അനുമതി നൽകാമെന്നും തദ്ദേശ ഭരണ വകുപ്പ് ഉത്തരവിട്ടു കഴിഞ്ഞു. തദ്ദേശ ഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ അഡീഷണൽ ചീഫ് സെക്രട്ടറിയോട് പരിശോധന നടത്താൻ നിർദ്ദേശിച്ചിരുന്നു. ഫയലുകൾ വരുത്തി പരിശോധിച്ചപ്പോൾ ചട്ടലംഘനം പരിഹരിച്ചുവെന്ന് ഉറപ്പ് വരുത്തി അനുമതി നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഗുരുതരമായ ചട്ടലംഘനമോ കെട്ടിടത്തിന് ബലക്ഷയമോ ഇല്ലെന്നും അതിനാൽ ചെറിയ പിഴവുകൾ പരിഹരിച്ചു കഴിഞ്ഞാൽ അനുമതി നൽകാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശിക്കുകയായിരുന്നു.

ഇത്രയും ചെറിയ പോരായ്മകൾ പരിഹരിക്കാനാണ് ഒരു പ്രവാസി വ്യവസായിയുടെ ജീവൻ ഹോമിക്കേണ്ടി വന്നത്. നഗരസഭാദ്ധ്യക്ഷയും ഒരു കൂട്ടം ഉദ്യോഗസ്ഥരും വരുത്തിവെച്ചതാണ് ഈ ആത്മഹത്യയെന്ന ആരോപണം ശക്തമായിരിക്കയാണ്. ഒരു സംരംഭകനെ ഇരുപതിലേറെ തവണ നഗരസഭാ ഓഫീസിലേക്ക് വരുത്തുകയും ഒടുവിൽ മനം മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വരികയുമായിരുന്നു സാജന്റെ അനുഭവമെന്നാണ് അദ്ദേഹത്തിന്റെ ജീവനക്കാർ ആരോപിക്കുന്നത്. അദ്ദേഹത്തോട് നഗരസഭാദ്ധ്യക്ഷയും ഉദ്യോഗസ്ഥരും കൺവെൻഷൻ സെന്ററിലെ ഇത്തരമൊരു വീഴ്ച നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നില്ല. ഓരോ തവണയും ഈ സ്ഥാപനം പ്രവർത്തന സജ്ജമാകരുതെന്ന നിർബന്ധ ബുദ്ധിയാണ് അവർക്കുണ്ടായിരുന്നത്. ആന്തൂർ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിന് പോലും പ്രത്യക്ഷത്തിൽ തന്നെ നിരവധി വീഴ്ചകളുണ്ട്. ഈ കെട്ടിടത്തിലിരുന്നുകൊണ്ടാണ് പുറമേയുള്ള കെട്ടിടത്തിന്റെ അനുമതി നിഷേധിക്കുന്നത്.

പതിനഞ്ചു കോടിയിലേറെ മുടക്കി നിർമ്മിച്ച സ്ഥാപന ഉടമയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഉദ്യോഗസ്ഥരേയും നഗരഭരണം കയ്യാളുന്നവരേയും രക്ഷിക്കാനുള്ള എല്ലാ നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന നിലപാടാണ് സംഭവം അന്വേഷിച്ച വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് എന്നാണ് അറിയുന്നത്. പാർത്ഥാ കൺവെൻഷൻ സെന്ററിന് അനുതമി നൽകിയാലുടനെ സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതേ സമയം നഗരസഭക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടാവുകയും വിവാദങ്ങൾ കത്തിപ്പടരുകയും ചെയ്ത പശ്ചാത്തലത്തിൽ കൺവെൻഷൻ സെന്ററിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് നഗരസഭ ഇടങ്കോലിടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.