കാത്തിരിപ്പുകൾക്കൊടുവിൽ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ അണ്ണാത്തെ തീയേറ്ററുകളിൽ;ആഘോഷങ്ങൾക്കിടയിൽ സുപ്പർതാര ചിത്രം കണ്ടേ മതിയാവൂ എന്നുള്ളവർക്ക് പുതിയ കുപ്പിയിൽ ഇറക്കിയ പഴയ വീഞ്ഞ് പരീക്ഷിക്കാൻ കഴിയുന്ന ചിത്രം; മൂവി റിവ്യൂ
സ്വന്തം ലേഖകൻ
കാത്തിരിപ്പുകൾക്കൊടുവിൽ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ അണ്ണാത്തെ തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും മറ്റും നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. പൂർണമായും തലൈവ ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണ് അണ്ണാത്തെയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
തമിഴ്നാട്ടിലെ തീയേറ്റുകളിൽ ആരാധകർ ആഘോഷങ്ങളോടെയാണ് രജനി ചിത്രത്തിന് വരവേൽപേകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായികയായെത്തുന്നത്. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.
സൂരക്കൊട്ടൈ ഗ്രാമത്തിലെ പ്രമാണിയായ കാളിയന് തന്റെ സഹോദരിയെന്നാൽ ജീവനാണ്. ചെറുപ്പത്തിലെ തന്നെ മാതാപിതാക്കളെ നഷ്ടമായ തങ്ക മീനാക്ഷിക്ക് അച്ഛനും അമ്മയുമൊക്കെ ചേട്ടൻ കാളിയനും. സ്വന്തം ഗ്രാമത്തിലെ തന്നെ മിടുക്കനായ ഒരാളെ കൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്നാണ് കാളിയന്റെ ആഗ്രഹം. അങ്ങനെ ആ കുടുംബത്തിന് ചേർന്നൊരു വിവാഹാലോചന വരുകയും അനിയത്തിയുടെ സമ്മതത്തോടെ തന്നെ കാളിയൻ കല്യാണം ഉറപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ വിവാഹദിവസം നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾ കാളിയന്റെയും മീനാക്ഷിയുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. സഹോദരിക്കായി സ്വന്തം ജീവൻ കൊടുക്കാൻപോലും തയാറായിരുന്ന കാളിയനെ സംബന്ധിച്ചടത്തോളം ആ സംഭവം താങ്ങാവന്നതിലും അപ്പുറമായിരുന്നു.
കാളിയനായി എത്തുന്ന രജിനിയുടെയും മീനാക്ഷിയായി എത്തുന്ന കീർത്തി സുരേഷിന്റെയും കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ആദ്യ പകുതിയെ മനോഹരമാക്കുന്നത്. സെന്റിമെന്റ്സും പ്രണയവും ആക്‌ഷനും കോമഡിയും അത്യുഗ്രൻ ഇന്റർവൽ പഞ്ചും ചേർന്നതാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ട്രാക്ക് പാടെ മാറുകയാണ്. സിനിമയുടെ ആദ്യ ഭാഗങ്ങളിലെ ഇമോഷനൽ എലമന്റ്സ് രണ്ടാം പകുതിയിലും കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിൽ ചിത്രം മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കാൻ സംവിധായകന് കഴിയുമായിരുന്നു. ഇടവേളയ്ക്കു ശേഷം രജനി ആരാധകർക്കായുളള ‘അമാനുഷിക’ നിമിഷങ്ങളാണ് സിനിമയിൽ ഒരുക്കിവച്ചിരിക്കുന്നത്.
കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമുൾപ്പടെ ചിത്രത്തിലെ ഒട്ടുമിക്ക കാര്യങ്ങൾ പല സിനിമകളിലായി കണ്ട് പഴകിയത് തന്നെ. രജനീകാന്തിന്റെ തന്നെ പഴയ സിനിമകളിലും, സംവിധായകൻ ശിവയുടെ സിനിമകളിലും കണ്ടതിൽ കൂടുതലൊന്നും അണ്ണാത്തെയിൽ ഇല്ല എന്ന് പറയേണ്ടി വരും. നായകന്റെയും വില്ലന്മാരുടെയും ഉൾപ്പടെയുള്ള സംഭാഷണങ്ങൾ പലയിടത്തും വിരസമാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് രജനികാന്ത് തന്നെയാണ്. വയസ് 70 കഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും ചെറുപ്പമായിരിക്കുന്നു. തന്റെ സ്ക്രീൻ പ്രസൻസും എനർജിയും കൊണ്ട് ഇന്നും രജനികാന്ത് വിസ്മയിപ്പിക്കുന്നു. എന്നാൽ സുപ്പർസ്റ്റാറിന്റെ കടുത്ത ആരാധകരെ പോലും തൃപ്തിപ്പെടുത്താൻ ചിത്രത്തിനായോ എന്നത് സംശയമാണ്.
വില്ലന്‍മാരായെത്തുന്ന അഭിമന്യു സിങ്ങും ജഗപതി ബാബുവും അവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട്. വക്കീല്‍ വേഷത്തിലെത്തുന്ന നയന്‍താരയ്ക്ക് ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനില്ല. ഖുശ്ബു, മീന, സതീഷ്, സൂരി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന രംഗങ്ങൾ പലതും ടെലിവിഷൻ സീരിയലുകളെ അനുസ്മരിപ്പിക്കും.
ഇമ്മന്റെ പാട്ടുകൾ ഒരു എന്റർറ്റെയിനറിന് ഉതകും വിധമുള്ളതാണ്.
പഴയ രജനി ചിത്രം പോലെയൊന്ന് ഒരുക്കാനാണ് സംവിധായകൻ ശിവ ശ്രമിച്ചത്. എന്നാൽ അത്തരം സിനിമകൾ കൈതട്ടി ആസ്വദിച്ചവർക്ക് പുതിയ ശ്രമം ഇഷ്ടപ്പെടാനിടയില്ല. ആഘോഷങ്ങൾക്കിടയിൽ സുപ്പർതാര ചിത്രം കണ്ടേ മതിയാവൂ എന്നുള്ളവർക്ക് പുതിയ കുപ്പിയിൽ ഇറക്കിയ പഴയ വീഞ്ഞ് പരീക്ഷിച്ച് നോക്കാവുന്നതാണ്.