play-sharp-fill
വായ്പയെടുത്ത് ഭര്‍ത്താവ് നാടുവിട്ടു; ജയില്‍ വാസത്തിന് ശേഷം ദുബായിലെ വഴിയോരത്ത് മാസങ്ങളായി കഴിയുന്നു; രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങള്‍ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും; നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടര്‍ന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്; തന്റേതല്ലാത്ത കാരണത്തില്‍ തെരുവിലാക്കപ്പെട്ട അനിത ബാലു എന്ന   മലയാളി വനിത

വായ്പയെടുത്ത് ഭര്‍ത്താവ് നാടുവിട്ടു; ജയില്‍ വാസത്തിന് ശേഷം ദുബായിലെ വഴിയോരത്ത് മാസങ്ങളായി കഴിയുന്നു; രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങള്‍ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും; നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടര്‍ന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്; തന്റേതല്ലാത്ത കാരണത്തില്‍ തെരുവിലാക്കപ്പെട്ട അനിത ബാലു എന്ന മലയാളി വനിത

സ്വന്തം ലേഖകൻ
ഷാർജ: അതിസമ്പന്നതയിൽനിന്ന് ഒരു സുപ്രഭാതത്തിൽ ദുരിതക്കയത്തിലേക്ക് വഴുതിവീണതാണ് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി അനിത ബാലുവിന്റെ (46) ജീവിതം. ദുബായില്‍ വഴിയോരത്ത് ദുരിത ജീവിതവുമായി മുന്നോട്ട് പോകുകയാണ് ഈ മലയാളി വനിത. തന്റേതല്ലാത്ത കാരണത്തില്‍ തെരുവിലാക്കപ്പെട്ട ഹതഭാഗ്യ.

കഴിഞ്ഞ എട്ടു മാസത്തോളമായി ഇവര്‍ രാപ്പകല്‍ കഴിച്ചുകൂട്ടുന്നത് ബര്‍ദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തിലാണ്. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങള്‍ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും. നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടര്‍ന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്. തന്റെ പ്രശ്‌നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍


വിചിത്രമാണ് അനിതയുടെ കഥ. ആലപ്പുഴ മുതുകുളം സ്വദേശി ബാലുവാണ് ഭർത്താവ്. വിവാഹം കഴിഞ്ഞയുടൻ ഭർത്താവിനൊപ്പം ദുബായിലെത്തിയതാണ്. സ്വന്തമായി ഇലക്‌ട്രോ മെക്കാനിക്കൽ ബിസിനസ് ആയിരുന്നു. 2000 ജീവനക്കാരുള്ള കമ്പനി. അനിതയും ബാലുവുമായിരുന്നു പ്രധാന ബിസിനസ് പങ്കാളികൾ. യു.എ.ഇ.യിലെ ബാങ്കുകളിൽനിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി. പിന്നീട് മൂന്നുവർഷത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടിൽപോയ ഭർത്താവ് തിരിച്ചുവന്നതുമില്ല. വായ്പ അനിതയുടെ പേരിലാണോ അതോ അവർ ജാമ്യം നിന്നതാണോ എന്ന് വ്യക്തമല്ല. പാസ്‌പോർട്ടും വിസയും കാലാവധി കഴിഞ്ഞു. സിവിൽകേസ് നിലനിൽക്കുന്നതിനാൽ യാത്രാവിലക്കുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താന്‍ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവര്‍ പറയുന്നു. 22 ലക്ഷത്തോളം ദിര്‍ഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിര്‍ഹവും. രണ്ടു കൂട്ടരും സിവില്‍ കേസ് നല്‍കിയപ്പോള്‍ കുടുങ്ങിയത് അനിതയും.

പിന്നീട് പ്രശ്‌നത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപ്പെടുകയുണ്ടായി. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനല്‍കാന്‍ ബാങ്കുകാര്‍ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30ന് മുന്‍പ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. പക്ഷേ, ഇത്രയും തുക നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല.

അഡ്വ.ഏബ്രഹാം ജോണ്‍ ബാങ്കിന് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ഈ മാസം (ഡിസംബര്‍) അവസാനം വരെ കാലാവധി നീട്ടി നല്‍കി. ആ തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവര്‍.

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബര്‍ദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേര്‍ന്നുള്ള പബ്ലിക് ടെലിഫോണ്‍ ബൂത്താണ് കഴിഞ്ഞ എട്ടു മാസത്തോളമായി അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാന്‍സിസ്റ്ററും കാണാം. വിവിധ വസ്തുക്കളില്‍ ചിത്രങ്ങള്‍ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവര്‍ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോണ്‍ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനാണ് റേഡിയോയില്‍ പാട്ടുകള്‍ കേട്ടുകൊണ്ടുള്ള ചിത്ര രചന. പരിസരങ്ങളിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.

ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു അനിതയും ഭര്‍ത്താവും. അനിതയുടെ ദുഃഖകഥ അറിഞ്ഞ ശ്രീകുമാര്‍ അവരെ സഹായിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് യാതൊരു നീക്കവും കണ്ടില്ല. സംഗീതത്തിലുള്ള അനിതയുടെ അവഗാഹമാണ് ശ്രീകുമാറിനെ ആ കുടുംബവുമായി അടുപ്പിച്ചതെന്നാണ് അറിയുന്നത്.

ജയില്‍ ജീവിതമാണ് അനിതയെ മാറ്റിമറിച്ചത്. ശിക്ഷ കഴിഞ്ഞിറങ്ങിയ അവര്‍ ബര്‍ ദുബായ് റഫാ പൊലീസ് സ്റ്റേഷനില്‍ നിന്നു പോകാന്‍ തയ്യാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കു ഭക്ഷണവും മറ്റും നല്‍കി. പിന്നീട്, ഒരാള്‍ക്ക് കഷ്ടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒഴിഞ്ഞ ടെലിഫോണ്‍ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവര്‍ നേരിടേണ്ടിവരുന്നില്ല.

രണ്ട് ആൺമക്കളുണ്ട്. ഒരു മകൻ ദുബായിലെ സ്കൂൾ ജീവനക്കാരനാണ്. മറ്റൊരു മകൻ നാട്ടിലും. മകൻ അമ്മയെ കാണാൻ ബർദുബായിൽ വരാറുണ്ട്. എന്നാൽ മകന്റെ കൈയിൽനിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ഇല്ലെന്ന വാശിയിലാണ്.

അനിതയുടെ ദുരിത ജീവിതത്തിനു പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് പല സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ ഷിജു ബഷീറാണ് ആദ്യമായി അനിതയെ പുറംലോകത്തിനു കാട്ടിക്കൊടുത്തത്. എന്നാല്‍, വന്‍തുകയാണ് ഇവരുടെ പ്രശ്‌നപരിഹാരത്തിന് ആവശ്യം എന്നത് ഏവരെയും വലയ്ക്കുന്നു. എങ്കിലും ഏതെങ്കിലും ഇന്ത്യന്‍ വ്യവസായി വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതാണ് ഇവരുടെ കദനകഥ. അതിനു തയ്യാറായി സന്മനസ്സുള്ള ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.