മികച്ച വില്ലേജ് ഓഫീസർ, മികച്ച തഹസിൽദാർ, പ്രളയ കാലത്തും മഹാമാരി കാലങ്ങളിലും മികച്ച സേവനം..!! റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ പടിയിറങ്ങി ; ആശംസകൾ അറിയിച്ച് മന്ത്രി വി എൻ വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും

മികച്ച വില്ലേജ് ഓഫീസർ, മികച്ച തഹസിൽദാർ, പ്രളയ കാലത്തും മഹാമാരി കാലങ്ങളിലും മികച്ച സേവനം..!! റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ പടിയിറങ്ങി ; ആശംസകൾ അറിയിച്ച് മന്ത്രി വി എൻ വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും

സ്വന്തം ലേഖകൻ

കോട്ടയം : സേവനമനുഷ്ഠിച്ച എല്ലാ മേഖലകളും ഒന്നിനൊന്ന് മികച്ചതാക്കി തീർക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥനാണ് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ.

പ്രളയകാലത്തും, മഹാമാരി കാലത്തും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങൾക്ക് കൈത്താങ്ങായി നിന്ന ഉദ്യോഗസ്ഥൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരനായിരുന്നെങ്കിലും തന്റെ സ്നേഹംകൊണ്ട് ശത്രുക്കളെ പോലും മിത്രങ്ങളാക്കിയ ഉദ്യോഗസ്ഥൻ.

1987ൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം നാളുകൾക്കിപ്പുറം പടിയിറങ്ങുമ്പോൾ സഹപ്രവർത്തകർക്ക് വാതോരാതെ പറയാൻ നിരവധി കാര്യങ്ങളാണ്.

തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ജോലിയിൽ 100% ആത്മാർത്ഥത പുലർത്തി. ഔദ്യോഗിക കാര്യങ്ങളിലും സഹപ്രവർത്തകരുടെ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരുന്നു അനിൽ ഉമ്മൻ.

കോട്ടയം താലൂക്ക് ഓഫീസിൽ എൽഡി ക്ലർക്ക് ആയി 1987 ജൂലൈയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം സേവനമനുഷ്ഠിച്ച എല്ലാ തസ്തികകളിലും മികവിനുള്ള പുരസ്കാരം നേടി. ഇലക്ഷൻ ക്ലർക്കിനുള്ള പുരസ്കാരം, മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം, മികച്ച തഹസിൽദാർക്കുള്ള സംസ്ഥാന അവാർഡ്, സുനാമിക്കാലത്തും മഹാമാരി കാലങ്ങളിലും, പ്രളയകാലത്തും മികച്ച സേവനത്തിനുള്ള പുരസ്കാരം എന്നിവയ്ക്ക് അർഹനായി.

കോട്ടയം തഹസിൽദാർ ആയിരിക്കേ 12.5 കോടി രൂപയുടെ കെട്ടിട നികുതി പിരിച്ച് റെക്കോർഡ് സ്ഥാപിച്ചു. പാലാ ഡെപ്യൂട്ടി തഹസിൽദാർ, ആലുവ, കണയന്നൂർ കോട്ടയം തഹസിൽദാർ, കോട്ടയം, ഇടുക്കി, പാലാ ആർ ഡി ഒ, കോട്ടയം, ഇടുക്കി എഡിഎം കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ ചുമതലകൾ വഹിച്ചു.

ജില്ലയിൽ റവന്യൂ വരുമാനത്തിൽ 100% നേട്ടം കൊയ്തു കൊണ്ടാണ് കളക്ടറേറ്റിൽ നിന്നുള്ള പടിയിറക്കം. 56 കോടി രൂപയായിരുന്ന നികുതി പിരിവ് 100 കോടി രൂപയാക്കി ഉയർത്താൻ അദ്ദേഹം നിർണായക പങ്കുവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പിരിവ് നടത്തിയതിനാൽ ജില്ലയ്ക്ക് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹത ലഭിച്ചു.

പടിയിറക്കം സഹപ്രവർത്തകർക്ക് വേദനാജനകമാണെങ്കിലും നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും, മന്ത്രി വി എൻ വാസവനും ആശംസകൾ അറിയിച്ചെത്തി.

അനിൽ സാറിനും കുടുംബാംഗങ്ങൾക്കും എന്നും എല്ലാവിധ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ ! അനിൽ ഉമ്മൻ സാറിന് തേർഡ് ഐ ന്യൂസിന്റെ ആശംസകൾ !

ഏറ്റുമാനൂർ കുറുമ്പേശ്വരത്ത് മുൻ റവന്യൂ ഇൻസ്പെക്ടർ പരേതനായ കെ പി ഉമ്മന്റേയും ഏറ്റുമാനൂർ ജി എച്ച് എസ് മുൻ അധ്യാപിക പരേതയായ അച്ഛമ്മയുടെയും മകനാണ്. ഭാര്യ ബിൻസി മാത്യു ( ഏറ്റുമാനൂർ ഗവൺമെന്റ് ടിടി ഐ അധ്യാപിക)

മക്കൾ : അഥീന അനിൽ ( ഗസ്റ്റ് ലെക്ചർ ബിസിഎം കോളേജ് കോട്ടയം)

അമിത് ഉമ്മൻ അനിൽ ( എംബിഎ വിദ്യാർത്ഥി, ലയോള കോളേജ് ചെന്നൈ)