play-sharp-fill
വാർഡ് അംഗം അങ്കണവാടിയിൽ  പ്രവേശിക്കുന്നത് തടഞ്ഞ് അയല്‍വാസി; മണിപ്പുഴയിലെ അങ്കണവാടി തിരിച്ചു പിടിക്കാൻ എരുമേലി പഞ്ചായത്ത്‌ കോടതിയിലേക്ക്

വാർഡ് അംഗം അങ്കണവാടിയിൽ പ്രവേശിക്കുന്നത് തടഞ്ഞ് അയല്‍വാസി; മണിപ്പുഴയിലെ അങ്കണവാടി തിരിച്ചു പിടിക്കാൻ എരുമേലി പഞ്ചായത്ത്‌ കോടതിയിലേക്ക്

എരുമേലി: മണിപ്പുഴയിലെ അങ്കണവാടി സ്ഥലം സ്വകാര്യ വ്യക്തിയില്‍ നിന്നു തിരിച്ചു പിടിക്കാൻ വേണ്ടി കോടതിയെ സമീപിക്കാൻ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു.

സ്വകാര്യ വ്യക്തി വാർഡ് അംഗത്തിനെതിരേ നല്‍കിയ പരാതിക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനം. വാർഡ് അംഗം അങ്കണവാടി സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പ്രവേശിക്കുന്നത് തടഞ്ഞ് അയല്‍വാസി നേടിയ കോടതി സ്റ്റേ ഉത്തരവ് നീക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത്‌ കമ്മിറ്റിയില്‍ തീരുമാനമായി.

മണിപ്പുഴയില്‍ 50 വർഷം മുൻപ് വിമല മഹിളാസമാജം നാട്ടുകാരില്‍ നിന്നു ധനശേഖരണം നടത്തി വാങ്ങിയ സ്ഥലത്ത് ആദ്യം ബാലവാടി സ്ഥാപിക്കുകയും പിന്നീട് ഇത് അങ്കണവാടിയായി പ്രവർത്തിക്കുകയും അഞ്ചു വർഷം മുമ്ബ് കെട്ടിടം ജീർണാവസ്ഥയിലായി പൊളിഞ്ഞുവീഴുകയും ആയിരുന്നുവെന്നും എന്നാല്‍ ഈ സ്ഥലം അയല്‍വാസിയുടെ പേരില്‍ റവന്യു രേഖയില്‍ തെറ്റായി വന്നു എന്നും ഇതാണ് ഇപ്പോള്‍ തർക്കം സൃഷ്ടിച്ചിരിക്കുന്നതെന്നും വാർഡ് അംഗം നാസർ പനച്ചി കമ്മിറ്റിയില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ പദ്ധതിയില്‍ സ്മാർട്ട്‌ അങ്കണവാടി നിർമിക്കാൻ 27 ലക്ഷം രൂപ അനുവദിച്ചത് ഇവിടെ വിനിയോഗിക്കാൻ നേരത്തെ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചതാണ്. എന്നാല്‍, റവന്യു രേഖയില്‍ സ്ഥലം അയല്‍വാസിയുടെ പേരിലായത് നീക്കാൻ താമസമാണെന്നതിനാല്‍ പദ്ധതി വേണ്ടെന്നുവയ്ക്കുകയായിരുന്നു.

അയല്‍വാസിയായ ലണ്ടനില്‍ താമസിക്കുന്ന പ്രവാസിയായ വീട്ടമ്മയുടെ പേരിലാണ് സ്ഥലം. ഈ വീട്ടമ്മ എരുമേലി പോലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വാർഡ് അംഗത്തെ സ്റ്റേഷനില്‍ വിളിപ്പിച്ച്‌ പോലീസ് മൊഴിയെടുത്തിരുന്നു. വീട്ടമ്മയുടെ പ്രായമായ അമ്മയെ വാർഡ് അംഗം മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു പരാതി.

അങ്കണവാടി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വാർഡ് അംഗം പ്രവേശിക്കുന്നതു തടയണമെന്നും ഈ സ്ഥലം തന്‍റെ പേരിലാണെന്നും കോടതിയെ അറിയിച്ച്‌ വീട്ടമ്മ സ്റ്റേ ഉത്തരവ് നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥലത്തെ കാട് വെട്ടിനീക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും വാർഡ് അംഗവും എത്തിയതിനെത്തുടർന്ന് സ്റ്റേ ഉത്തരവ് പോലീസ് അറിയിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ വിശദമായി ഇന്നലെ ചർച്ച ചെയ്ത പഞ്ചായത്ത്‌ കമ്മിറ്റി സ്ഥലം വീണ്ടെടുക്കുന്നതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്‍റ് സുബി സണ്ണി കഴിഞ്ഞ ദിവസം രാജിവച്ചതിനെത്തുടർന്ന് പകം ചുമതല ലഭിച്ച വൈസ് പ്രസിഡന്‍റ് ബിനോയിയുടെ അധ്യക്ഷതയിലായിരുന്നു കമ്മിറ്റി.