അമ്മയെ കഴുത്തറുത്തു കൊന്നു: അച്ഛനെ തള്ളിയിട്ടു കൊന്നു; സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു; പൊലീസുകാരെ കുത്തി വീഴ്ത്തി: മദ്യവിൽപ്പന പുനരാരംഭിച്ച് നാലു ദിവസത്തിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം; എല്ലാം മദ്യലഹരിയിൽ

അമ്മയെ കഴുത്തറുത്തു കൊന്നു: അച്ഛനെ തള്ളിയിട്ടു കൊന്നു; സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു; പൊലീസുകാരെ കുത്തി വീഴ്ത്തി: മദ്യവിൽപ്പന പുനരാരംഭിച്ച് നാലു ദിവസത്തിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം; എല്ലാം മദ്യലഹരിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ പരക്കെ അക്രമം. മദ്യവിൽപ്പന ആരംഭിച്ച് നാലു ദിവസം ആയപ്പോഴാണ് സംസ്ഥാനത്ത് വൻ അക്രമം ഉണ്ടായിരിക്കുന്നത്. മൂന്നു പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് മദ്യലഹരിയിലുള്ള അക്രമത്തിൽ പരിക്കേൽക്കുകയും ചെയ്തു.

കോട്ടയം തൃക്കൊടിത്താനത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതപ്പോൾ, മലപ്പുറത്ത് മകൻ അച്ഛനെ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊന്നു. മദ്യലഹരിയിലായിരുന്ന അക്രമം നടക്കുമ്പോഴെല്ലാം പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയിൽ തൃക്കൊടിത്താനത്ത് മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

അമ്മയെ കൊലപ്പെടുത്തിയ മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിൻ. രാത്രി ഭക്ഷണത്തെക്കുറിച്ച് തർക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് പ്രതി കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി തന്നെയാണ് മലപ്പുറം തിരൂരിൽ മകന്റെ മർദനത്തിൽ പിതാവ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ വീട്ടിൽ കയറി വന്ന മകൻ വീട്ടിലുളളവരുമായി വഴക്കിട്ടു. ഇത് ചോദ്യം ചെയ്ത പിതാവ് തിരൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജിയെ മകൻ അബൂബക്കർ സിദിഖ് തളളിവീഴ്ത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടയിലും പ്രകോപനം തുടർന്ന മകൻ അബൂബക്കർ സിദിഖിയെ നാട്ടുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടർന്ന്് നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുഹമ്മദ് ഹാജി കുഴഞ്ഞുവീണാണ് മരിച്ചതെങ്കിലും അബൂബക്കർ സിദിഖിക്കെതിരെ കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

മലപ്പുറത്ത് ദിവസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ നാലു സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കത്തി കുത്തേറ്റ് മരിച്ചത്.

തിരുവനന്തപുരം ബാലരാമപുരത്ത് ശനിയാഴ്ച രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇടുക്കി ദേവികുളത്ത് കോട്ടജിൽ മദ്യപാനത്തെ ചോദ്യം ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ നാലു പൊലീസുകാർക്കാണ് പരിക്കേറ്റത്.