play-sharp-fill
 2016ല്‍ അമേരിക്കൻ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കി ദമ്പതികള്‍; 2017ല്‍ വിവാഹ മോചനം ; വിവാഹ മോചനത്തിന് ശേഷം ഇവർക്കിടയില്‍ അനുരജ്ഞനം ഉണ്ടായതായി  സൂചന; കുട്ടികളുടെ ജനനം കേസ് അവസാനിച്ച ശേഷം ; മലയാളി കുടുംബത്തിലെ നാലുപേര്‍ അമേരിക്കയിൽ മരിച്ച സംഭവത്തിൽ ദുരൂഹത ; കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം

 2016ല്‍ അമേരിക്കൻ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കി ദമ്പതികള്‍; 2017ല്‍ വിവാഹ മോചനം ; വിവാഹ മോചനത്തിന് ശേഷം ഇവർക്കിടയില്‍ അനുരജ്ഞനം ഉണ്ടായതായി  സൂചന; കുട്ടികളുടെ ജനനം കേസ് അവസാനിച്ച ശേഷം ; മലയാളി കുടുംബത്തിലെ നാലുപേര്‍ അമേരിക്കയിൽ മരിച്ച സംഭവത്തിൽ ദുരൂഹത ; കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം

സ്വന്തം ലേഖകൻ

കാലിഫോർണിയ: യുഎസിലെ കലിഫോർണിയയില്‍ സാൻ മറ്റേയോയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് സംശയം.കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ സ്‌നേഹയില്‍ ഡോ.ജി.ഹെന്റിയുടെയും റിട്ട. അദ്ധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആണ്‍കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരാണു മരിച്ചത്.

ആനന്ദും ഭാര്യയും 2016ല്‍ അമേരിക്കൻ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ട്. 2017ല്‍ വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഇരുവരും ഒരുമിച്ചുവെന്നാണ് റിപ്പോർട്ട്. വിവാഹ മോചനത്തിന് ശേഷം ഇവർക്കിടയില്‍ അനുരജ്ഞനം ഉണ്ടായി എന്നാണ് സൂചന. അതിന് ശേഷമാണ് ഇരട്ടക്കുട്ടികളുടെ ജനനം. ടികെഎം എൻജിനിയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് ആലിസ് പ്രിയങ്ക. ഈ ദമ്ബതികളുടേതെന്ന് കരുതുന്ന വിവാഹ മോചന രേഖകള്‍ ഇന്റർനെറ്റിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഈ കുടുംബത്തില്‍ പ്രശ്‌നമുള്ളതായി അയല്‍ക്കാർക്ക് അറിയത്തുമില്ല. ഇതെല്ലാം കേസിനെ ദുരൂഹതയിലേക്ക് കൊണ്ടു പോകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയേയും മക്കളേയും ആനന്ദ് കൊന്നതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം. കുട്ടികളെ വിഷം കൊടുത്തും ഭാര്യയെ വെടിയുതിർത്തും ആനന്ദ് കൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ് മോർട്ടത്തില്‍ മരണ സമയം തെളിഞ്ഞാല്‍ മാത്രമേ ഇതില്‍ വ്യക്തത വരൂ. മുൻകൂട്ടി ഉറപ്പിച്ചായിരുന്നു കൊല. അതുകൊണ്ട് തന്നെ തോക്കടക്കം ആനന്ദ് കരുതിയിരുന്നു. തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചു എന്നതില്‍ അടക്കം അന്വേഷണം വരും. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധുക്കളുടെ മൊഴിയും എടുക്കും.

മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ക്കു സമീപത്തുനിന്ന് പിസ്റ്റള്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികള്‍ മരിച്ചത് എങ്ങനെയെന്നതില്‍ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മരണം വിഷവാതകം ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍ നിന്നുയർന്ന വാതകം ഉറക്കത്തില്‍ ശ്വസിച്ചതാകാം മരണ കാരണമെന്നാണു ബന്ധുക്കള്‍ സംശയിച്ചിരുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കിളികൊല്ലൂർ വെളിയില്‍ വീട്ടില്‍ പരേതനായ ബെൻസിഗർജൂലിയറ്റ് ദമ്ബതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവർക്കും വാട്‌സാപ് മെസേജ് അയച്ചു. ഒരാള്‍ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ചു വിളിക്കാഞ്ഞതിനെ തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. അങ്ങനെയാണ് മരണം പുറംലോകത്ത് എത്തിയത്.

ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ആലീസിന്റെ പ്രസവവും അവിടെ തന്നെയായിരുന്നു.

ആനന്ദിന്റെ സഹോദരൻ അജിത് ഹെന്റി അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജിത് അവിടെ എത്തിയ ശേഷമേ തീരുമാനിക്കൂ. എല്ലാ സാധ്യതകളും അന്വേഷണത്തില്‍ നിറയ്ക്കാനാണ് അമേരിക്കൻ പൊലീസിന്റെ തീരുമാനം.