ഞങ്ങൾക്കു ശ്വാസം മുട്ടുന്നു..! കോവിഡിന് പിന്നാലെ കറുത്തവർഗക്കാരുടെ പ്രതിഷേധവും ട്രമ്പിനെ വിറപ്പിക്കുന്നു; തിരഞ്ഞെടുപ്പുകാലത്ത് തിരിച്ചടികൾ ട്രമ്പിന് പിന്നാലെ അതിവേഗം എത്തുന്നു

ഞങ്ങൾക്കു ശ്വാസം മുട്ടുന്നു..! കോവിഡിന് പിന്നാലെ കറുത്തവർഗക്കാരുടെ പ്രതിഷേധവും ട്രമ്പിനെ വിറപ്പിക്കുന്നു; തിരഞ്ഞെടുപ്പുകാലത്ത് തിരിച്ചടികൾ ട്രമ്പിന് പിന്നാലെ അതിവേഗം എത്തുന്നു

തേർഡ് ഐ ബ്യൂറോ

ന്യൂയോർക്ക്: കൊറോണയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വൻ പ്രതിസന്ധിയാണ് രാജ്യത്ത് നേരിടുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാലത്ത് എത്തിയ രണ്ടു വിവാദങ്ങളാണ് ട്രമ്പിനെ പിടിച്ചുലയ്ക്കുന്നത്. കൊറോണയ്ക്കു പിന്നാലെ കറുത്തവർഗക്കാരനെ കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമേരിക്കൻ പൊലീസിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

കോവിഡിൽ പ്രതിരോധത്തിലായ രാജ്യത്തെ അപ്പാടെ പ്രതിരോധത്തിലാക്കുന്ന വിധത്തിലേക്കാണ് കുറത്തുവർഗ്ഗക്കാരുടെ പ്രതിഷേധം മാറുന്നു. പ്രതിഷേധം അലയടിച്ചതോടെ വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാർ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറച്ചു സമയത്തേക്കു ഭൂഗർഭ ബങ്കറിലേക്കു മാറ്റിയെന്നും റിപ്പോർട്ടുകളും പുറത്തുവന്നു. സംഭവത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളെ ഉദ്ധരിച്ച് ന്യുയോർക്ക് ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായ പ്രതിഷേധത്തിന്റെ ആളിക്കത്തലിൽ വൈറ്റ്ഹൗസ് ഞെട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത്. തുടർന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേർന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോർട്ട്. മെലാനിയ ട്രംപിനെയും മകൻ ബാരൺ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.

രാജ്യമാകെ കോവിഡ് പടർന്നു പിടിക്കുന്നതിനിടെയാണു കാര്യങ്ങൾ പ്രതിഷേധങ്ങളിലേക്കു വഴി മാറിയത്. മെയ് 25ന് മിനിയപ്പൊലിസിൽ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്തവർഗക്കാരൻ പൊലീസ് പിടിയിൽ മരിച്ചതോടെയാണു പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന പേരിലാണു പ്രചാരണങ്ങൾ നടക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാൻ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണൽ ഗാർഡ് അംഗങ്ങളെ സജ്ജരാക്കിയിട്ടുണ്ട്.

അതേസമയം വൈറ്റ് ഹൗസിന്റെ അതിർത്തി കടന്ന് പ്രതിഷേധക്കാർ എത്തിയിരുന്നെങ്കിൽ അവരെ ക്രൂരനായ്ക്കളെയും ആയുധങ്ങളെയും കൊണ്ട് നേരിട്ടേനെ എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസിലെ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലിചെയ്തിരുന്ന ജോർജ് ഫ്‌ളോയിഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥൻ, ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിൽ നടന്നു കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ ഒന്നടങ്കം തെരുവിലിറങ്ങുകയും തെരുവ് കലാപ സമാനമാകുകയും ചെയ്തു. കെട്ടിടങ്ങൾക്ക് തീയിടുകയും കടകളും മറ്റ് കെട്ടിടങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം കത്തിപ്പടർന്നിരുന്നു. വൈറ്റ് ഹൈസ് സ്ഥിതി ചെയ്യുന്ന ലാഫയെറ്റെ സ്‌ക്വയറിലും പ്രതിഷേധക്കാർ സംഘടിച്ചു, പ്രതിഷേധത്തെത്തുടർന്ന് വൈറ്റ് ഹൗസ് താൽക്കാലികമായി ലോക്ക് ഡൗൺ ചെയ്തു. ഇതിനെക്കുറിച്ചാണ് ട്രംപ് പ്രതികരിച്ചത്.

”വലിയ ജനക്കൂട്ടം, വളരെയേറെ സംഘടിതരായിട്ടാണ് എത്തിയത്. എന്നാൽ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിർത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സർവീസ് ഏജന്റുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.” ട്രംപ് പറഞ്ഞു.

മിനിയാപൊളിസിൽ തുടങ്ങിയ പ്രതിഷേധം അമേരിക്ക മുഴുവൻ കത്തിപ്പടരുകയാണ്. 16 സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ജോർജ് ഫ്ളോയ്ഡിനും കറുത്ത മനുഷ്യർക്കാകെയും നീതിക്കായുള്ള പ്രതിഷേധം നടക്കുന്നത്. പ്രക്ഷോഭം രൂക്ഷമായതോടെ സംഘർഷഭരിതമായ 25 നഗരങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. മിന്നെസോട്ട സംസ്ഥാനത്ത് മിനിയാപൊളിസിന് പുറമെ സെന്റ് പോൾ നഗരത്തിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിങ്ടണിലെ സീറ്റ്ൽ, ന്യൂയോർക്കിലെ റോച്ചെസ്റ്റർ, കാലിഫോർണിയയിലെ ബെവെർലി ഹിൽസ്, ലോസ് ആഞ്ചലസ്, കൊളറാഡോയിലെ ഡെൻവെർ, ഫ്ളോറിഡിലെ മയാമി, ജോർജിയയിലെ അറ്റ്ലാന്റ, ഇല്ലിനോയിസിലെ ഷിക്കാഗോ, കെന്റക്കിയിലെ ലൂയിസ്വില്ലെ, ഒഹായോയിലെ സിൻസിനാറ്റി, ക്ലെവ്ലാൻഡ്, കൊളംബസ്, ഡെയ്റ്റൻ, ടൊളെഡോ, ഒറിഗോണിലെ യൂജിൻ, പോർട്ട്ലൻഡ്, പെൻസിൽവാസിയയിലെ ഫിലാഡൽഫിയ, പിറ്റ്സ്ബർഗ്, സൗത്ത് കരോലിനയിലെ ചാൾസ്ടൺ, കൊളംബിയ, ടെന്നെസിയിലെ നാഷ്വില്ലെ, ഉട്ടായിലെ സാൾട്ട് ലേക്ക് സിറ്റി, വിസ്‌കോൻസിനിലെ മിൽവവോകീ എന്നീ നഗരങ്ങളിലാണ് കർഫ്യൂ. കർഫ്യൂ ലംഘിച്ച് ആളുകൾ പ്രതിഷേധം തുടരുകയാണ്.

ജോർജ് ഫ്ളോയ്ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയ പൊലീസ് ഓഫീസറെ പുറത്താക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫ്ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പൊലീസുകാർകക്കെതിരെയും കുറ്റം ചുമത്തുന്നതുവരെ തെരുവിൽ തുടരാനാണ് മിനിയാപൊളിസിലെ പ്രക്ഷോഭകരുടെ തീരുമാനം. തിങ്കളാഴ്ചയാണ് ഫ്ളോയ്ഡ് മരിച്ചത്. ഫ്ളോയ്ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയ ഡെറെക് ചൗവിൻ എന്ന് വെളുത്ത വർഗക്കാരനായ പൊലീസ് ഓഫീസർക്കെതിരെ മൂന്നാം മുറ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നന്ന്. എന്നാൽ മറ്റു ഓഫീസർമാർക്കെതിരെ കേസെടുത്തിട്ടില്ല.

ന്യൂയോർക്ക് നഗരം തുടർച്ചയായ മൂന്നാം ദിവസവും പ്രക്ഷോഭച്ചൂടിൽ സ്തംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി മാർച്ച് നടത്തുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തത്. യൂണിയൻ സ്‌ക്വയറിലും ബ്രൂക്ലിൻസ് പ്രോസ്പെക്ട് പാർക്കിന് സമീപവും ആയിരങ്ങൾ പ്രതിഷേധിച്ചു. സമാധാനപരമായാണ് പ്രതിഷേധം നടന്നതെങ്കിലും ചിലയിടങ്ങളിൽ പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടുലുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കൈയേറ്റം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കൊവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ കൂടി താങ്ങാനാകില്ലെന്ന് ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു.