അമ്പലവയലില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; എഎസ്‌ഐ ഒളിവില്‍ തന്നെ; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവിധ ആദിവാസി സംഘടനകളും രംഗത്ത്
വയനാട്: അമ്പലവയലില്‍ പോക്‌സോ കേസ് അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എഎസ്‌ഐ ഒളിവില്‍ തന്നെ. കേസെടുത്ത് നാല് ദിവസം പിന്നിട്ടിട്ടും എസ്എംഎസ് ഡിവൈഎസ്പിയുടെ കീഴില്‍ പ്രത്യേക സംഘം പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നാണ് പൊലീസിന്റെ വിശദീകരണം.
പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവിധ ആദിവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിക്ക് നിയമസഹായമുള്‍പ്പെടെ തേടാനുള്ള സഹായം പൊലീസ് ഒരുക്കി നല്‍കുകയാണെന്നാണ് ആരോപണം.
അമ്പലവയലിലാണ് എഎസ്ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എഎസ്ഐ ബാബു ടി.ജിയെ സസ്പെന്‍ഡ് ചെയ്തു. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും ദുരനുഭവം നേരിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് എഎസ്‌ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്