അമ്പലപ്പുഴയിൽ യുവാവിനെ ജീവനോടെ കുഴിച്ചിട്ടു: തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കുഴിച്ചിട്ടത് മരിയ്ക്കും മുമ്പ്; ക്രൂരതയുടെ കഥ പുറത്ത് വന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; ശ്വാസകോശത്തിൽ പോലും മണ്ണും മണലും തറച്ചു കയറി

അമ്പലപ്പുഴയിൽ യുവാവിനെ ജീവനോടെ കുഴിച്ചിട്ടു: തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കുഴിച്ചിട്ടത് മരിയ്ക്കും മുമ്പ്; ക്രൂരതയുടെ കഥ പുറത്ത് വന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; ശ്വാസകോശത്തിൽ പോലും മണ്ണും മണലും തറച്ചു കയറി

സ്വന്തം ലേഖകൻ
അമ്പലപ്പുഴ: പറവൂരിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയ മനുവിനെ ഗുണ്ടാ സംഘം മണ്ണിൽ കുഴിച്ചിട്ടത് ജീവനോടെ എന്ന് റിപ്പോർട്ട്. മനുവിന്റെ മൂക്കിലും വായിലും ശ്വാസകോശത്തിനുള്ളിലും മണ്ണിന്റെയും മണലിന്റെയും അംശം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടും മുൻപ് തന്നെ മനുവിനെ ഇവർ മണ്ണിനടിയിൽ കുഴിച്ചിട്ടെന്നാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതികൾ നടത്തിയത് കൊടും ക്രൂരതയാണെന്നും വ്യക്തമായിട്ടുണ്ട്. അമ്പലപ്പുഴയിലെ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് നാലംഗ സംഘം മനുവിനെ കൊലപ്പെടുത്തിയത് ഇടിച്ചും ചവിട്ടിയുമെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  ശരീരമാസകലം ഏറ്റ ഇടി മൂലം ആന്തരികാവയവങ്ങൾക്കും ക്ഷതമുണ്ടായി. ബിയർ കുപ്പിയും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതിന്റെ പാടുകളും മനുവിന്റെ ശരീരത്തിൽ പലയിടത്തുമുണ്ട്. ചതഞ്ഞരഞ്ഞ നിലയിലാണ് ശരീരത്തിന്റെ പല ഭാഗങ്ങളും.
കേസിൽ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർ റിമാൻഡിലാണ്. പറവൂർ സ്വദേശികളായ തൈപ്പറമ്പിൽ അപ്പാപ്പൻ പത്രോസ് (28), വടക്കെ തയ്യിൽ സനീഷ് (സൈമൺ29), കാക്കരിയിൽ ഓമനക്കുട്ടൻ (ജോസഫ് 19), പറയക്കാട്ടിൽ കൊച്ചുമോൻ (39),െേ ക്കപാലയ്ക്കൽ ജോൺ പോൾ (33) എന്നിവരാണ് റിമാൻഡിലുള്ളത്. സംഘത്തിലുണ്ടായിരുന്ന പനഞ്ചിക്കൽ വിപിൻ (ആന്റണി സേവ്യർ 28), മൃതദേഹം മറവ് ചെയ്യാൻ കൂട്ടുനിന്ന അഞ്ചുപേർ എന്നിവരെ ഇനിയും പിടികൂടാനുണ്ട്.
പറവൂരിൽ സഹോദരി മഞ്ജുവിന്റെ വീടായ രണ്ടുതയ്യിലെത്തിയ മനു വൈകിട്ടോടെ പറവൂരിലെ ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു. ഈ സമയം നാലംഗ സംഘവും ബാറിലെത്തി. മുൻ വൈരാഗ്യമുള്ള മനുവിനെ കണ്ടതോടെ വാക്കേറ്റമുണ്ടാവുകയും മർദ്ദിക്കുകയുമായിരുന്നു. ബാറിൽ നിന്നിറങ്ങിയ മനുവിനെ വീണ്ടും മർദ്ദിച്ച് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് എത്തിച്ചു. ഇവിടെ വച്ച് അതിക്രൂരമായി ഇഷ്ടിക ഉപയോഗിച്ച് ശരീരമാസകലം മണിക്കൂറുകളോളം മർദ്ദിച്ചു. ശേഷം സ്‌കൂട്ടറിൽ ഓമനക്കുട്ടനും വിപിനും ചേർന്ന് മനുവിനെ പറവൂർ ഗലീലിയ കടപ്പുറത്തെ വിജനമായ സ്ഥലത്ത് എത്തിച്ചു. പിന്നാലെ അപ്പാപ്പൻ പത്രോസും സൈമണും സ്ഥലത്തെത്തി. ഇവരുടെ സുഹൃത്തുക്കളായ കൊച്ചുമോനെയും ജോൺ പോളിനെയും മറ്റു മൂന്നുപേരെയും കൂടി വിളിച്ചുവരുത്തി ചന്തക്കടവിന് 200 മീറ്റർ മാറി അരയാൾ താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോൺ മനുവിന്റേതാണെന്ന് സഹോദരീ ഭർത്താവ് ജയൻ തിരിച്ചറിഞ്ഞതിനെ തുടർന്ന് മനുവിന്റെ പിതാവിനെ വിവരം അറിയിക്കുകയും പുന്നപ്ര പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ബാറിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്നുള്ള തെരച്ചിലിലാണ് അപ്പാപ്പൻ പത്രോസിനെയും സൈമണെയും പിടികൂടിയത്. മൃതദേഹം കല്ലുകെട്ടി പൊന്തുവള്ളത്തിൽ കയറ്റി കടലിൽ താഴ്ത്തിയെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ ആദ്യം പറഞ്ഞത്. കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികൾ കടലിൽ വ്യാപക തെരച്ചിലും നടത്തി. അടുത്ത ദിവസം ഓമനക്കുട്ടനെ പിടികൂടിയതോടെയാണ് കേസിൽ പത്തോളം പേരുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് കൊച്ചുമോനെയും ജോൺ പോളിനെയും പിടികൂടാനായതാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. കൊച്ചുമോനെ വിശദമായി ചോദ്യം ചെയ്പ്പോൾ മൃതദേഹം കടൽതീരത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നെന്ന് സമ്മതിച്ചു. കൊച്ചുമോൻ മറവ് ചെയ്ത സ്ഥലവും പൊലീസിന് കാട്ടിക്കൊടുത്തു. മനുവിന്റെ വസ്ത്രം കത്തിച്ചുകളഞ്ഞത് കടപ്പുറത്തുനിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മനുവിനെ നഗ്‌നമായാണ് കുഴിച്ചിട്ടത്. മുൻപ് കൊച്ചുമോനെയാണ് മനു 56 വെട്ടുവെട്ടി പരിക്കേൽപ്പിച്ചത്. ഈ കേസിൽ വിചാരണ നടന്നുവരികയാണ്.
പ്രതികളും കൊല്ലപ്പെട്ട മനുവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ജയിൽ ശിക്ഷ കഴിഞ്ഞവരുമാണ്. ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിൽ ആലപ്പുഴ സി.ഐ രാജേഷും പുന്നപ്ര പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്.