അമ്പലമുക്ക് കൊലപാതകത്തിലെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; സ്‌കൂട്ടറില്‍ ലിഫ്റ്റ് അടിച്ച്‌ പോകുന്നയാളിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു

അമ്പലമുക്ക് കൊലപാതകത്തിലെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; സ്‌കൂട്ടറില്‍ ലിഫ്റ്റ് അടിച്ച്‌ പോകുന്നയാളിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

സ്‌കൂട്ടറില്‍ ലിഫ്ട് അടിച്ചു പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുട്ടട ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച്‌ കേശവദാസപുരം ഭാഗത്തേക്കാണ് ഇയാള്‍ പോയത്. അതേസമയം, ഇയാളെ കുറിച്ചോ സ്‌കൂട്ടര്‍ ഓടിച്ച ആളിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം നടന്നതായി കണക്കാക്കുന്ന ഞായറാഴ്ച രാവിലെ 11ഓടെ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിന് സമീപത്തേക്ക് യുവാവ് നടന്നുപോകുന്നതും 11.20ഓടെ തിരികെപ്പോകുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ സമയത്തിനിടെ അതുവഴി കടന്നുപോയ മറ്റ് പലരെയും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് തിരിച്ചറിയുകയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തെങ്കിലും തൊപ്പിയും മാസ്‌കും ധരിച്ച്‌ ഫുള്‍സ്ളീവ് ഷര്‍ട്ടും പാന്റുമിട്ട യുവാവിനെ മാത്രം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകാനായി സാന്ത്വന ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയെങ്കിലും മുട്ടടയില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. മുട്ടടയില്‍ ഇറങ്ങിയ യുവാവ് ചെറുകോട്ട് ലെയ്‌നിലൂടെ ആലപ്പുറം കുളത്തിന് സമീപത്തെ വിജനമായ സ്ഥലം വരെ വന്ന് തിരികെ അതുവഴി വന്ന സ്കൂട്ടറില്‍ കയറി പോയതായി പലരും കണ്ടിട്ടുണ്ട്. രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ മാറ്റാന്‍ വന്നതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുളത്തിന് സമീപം വ്യാപകമായ പരിശോധന നടത്തി. പ്രദേശവാസികളായ പലരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

വീടുവീടാന്തരം കയറി പ്രതിയെപ്പറ്റി അന്വേഷിക്കുന്ന പൊലീസ് ഇയാളോട് സാമ്യമുള്ള ആളുകളുടെ വിവരങ്ങളും തേടുന്നുണ്ട്. അലങ്കാരച്ചെടി വില്പന കേന്ദ്രത്തെക്കുറിച്ചും വിനീത അവിടെ തനിച്ചാണെന്ന വിവരവും കൊലയാളിയായ യുവാവ് എങ്ങനെ മനസിലാക്കിയെന്നതും പൊലീസിന്റെ തലപുകയ്ക്കുന്ന ചോദ്യമാണ്. യാദൃച്ഛികമായി നടത്തിയ കൊലപാതകമായി പൊലീസ് ഇതിനെ കാണുന്നില്ല.

കവര്‍ച്ചയ്‌ക്കോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനോ ആയി നടത്തിയ കൊലപാതകമായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. പ്രതിയെ തിരിച്ചറിയുകയാണ് പൊലീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്തെങ്കിലും വിവരം അറിയാവുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.