മലരിക്കലിൽ ആമ്പൽ വസന്തം ഇക്കുറി ഇനി പൂക്കില്ല; ആമ്പൽ വസന്തത്തിന് വിലക്കിട്ട് കൊവിഡ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരത്തിന്റെ മനസ് നിറച്ച നാട്ടിൻപുറത്തിന്റെ നന്മകൾക്ക് കൊവിഡിന്റെ വിലക്ക്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മലരിക്കലിലെ ആമ്പൽ ഫെസ്റ്റ് നിർത്തി വച്ചു.
തിരുവാർപ്പ് പഞ്ചായത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലരിക്കൽ ഉൾപ്പെടുന്ന തിരുവാർപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ കൊവിഡ് അതിരൂക്ഷമാണെന്ന റിപ്പോർട്ട് പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടർക്കു നൽകിയിരുന്നു. മലരിക്കൽ ഭാഗത്ത് മാത്രം 23 പേർക്കാണ് കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാകുന്നത് വരെ മലരിക്കൽ പ്രദേശത്തെ ടൂറിസം പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നുമാണ് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കൂടാതെ അവധി ദിവസങ്ങളിൽ മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിക്കുന്നതിന് വരുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുമുണ്ട്.
ഈ സാഹചര്യത്തിൽ കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രദേശത്തെ ടൂറിസം പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണൻ എന്ന നിലയിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ മലരിക്കലിലെ ടൂറിസം ഫെസ്റ്റ് നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.