ചൈനയെ കടത്തിവെട്ടി ഇന്ത്യ; അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഒന്നാമത്, ചൈനയേക്കാൾ രണ്ടിരട്ടി, 5.2 ശതമാനം സ്ത്രീകൾ മദ്യത്തിന് അടിമകൾ, പുരുഷന്മാരുടെ മദ്യപാനത്തിൽ 40 ശതമാനം വർധനവ്
ന്യൂഡൽഹി: അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെ മദ്യം മൂലമുള്ള മരണങ്ങൾ 100,000ൽ 38.5 എന്ന തോതിലാണ്, ചൈനയിൽ ഇത് 16.1 ആണ്. അടുത്ത ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രതിശീർഷമദ്യ ഉപഭോഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 31 ശതമാനത്തിലധികവും മദ്യപരാണ്.
മദ്യോപഭോഗം സ്ത്രീകളിൽ ഇരുപതു ശതമാനമാണെങ്കിൽ പുരുഷന്മാരിൽ ഇരട്ടിയായി 40 ശതമാനമാണ്. ലഹരിയുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും ഉണ്ടാക്കുകയും പ്രതിരോധിക്കാവുന്ന ലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബങ്ങൾക്കും സമൂഹത്തിനും ബാധ്യതയുണ്ടാക്കുകയും അപകടങ്ങളും അതിക്രമങ്ങളും കൂട്ടുകയും ചെയ്യും- ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.ഇന്ത്യയിലെ പതിനഞ്ചുമുതൽ പത്തൊമ്പതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിതമദ്യപാനത്തേക്കുറിച്ചും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.
റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇതിന്റെ നിരക്ക് വളരെ ഉയർന്ന നിലയിലുമാണ്.
ആഗോളതലത്തിൽ പ്രതിവർഷമുണ്ടാകുന്ന ഇരുപതു മരണങ്ങളിൽ ഒന്ന് മദ്യപാനം മൂലമുള്ള അപകടങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും രോഗങ്ങളിലൂടെയുമാണ്. 2019-ൽ മദ്യോപഭോഗം മൂലം 2.6ദശലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മരണങ്ങളിൽ മുക്കാൽപങ്കും പുരുഷന്മരാണെന്നും റിപ്പോർട്ടിലുണ്ട്.
മദ്യപാനം ലിവർ സിറോസിസ്, പലയിനം കാൻസറുകൾ, ട്യൂബർകുലോസിസ്, എച്ച്.ഐ.വി., ന്യുമോണിയ തുടങ്ങിയവയ്ക്കും കാരണമാകുന്നുണ്ട്. പ്രതിശീർഷ മദ്യോപഭോഗത്തിൽ 9.2 ലിറ്റർ എന്ന നിരക്കോടെ മുന്നിലുള്ളത് യൂറോപ്പ് ആണ്, 7.5 ലിറ്ററുമായി അമേരിക്ക രണ്ടാംസ്ഥാനത്തും.
വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ ഉപഭോഗം കുറവുമാണ്. 2019-ൽ മദ്യപിച്ചവരിൽ പ്രതിദിനം ഏകദേശം 27ഗ്രാം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അത് രണ്ടു ഗ്ലാസ് വൈനിനും, രണ്ട് ചെറിയ ബോട്ടിൽ ബിയറിനും രണ്ട് ഷോട്സ് സ്പിരിറ്റിനും തുല്യമാണ്.
മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്നത് തടയാൻ മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.