കർഷക പോരാട്ട ഭൂമിയായ ആലപ്പുഴ കടന്ന് കേരള യാത്ര : കേന്ദ്രസർക്കാർ ഭരണഘടനയെ “വീറ്റോ” ചെയ്യുന്നു: ജോസ് കെ.മാണി
സ്വന്തം ലേഖകൻ
ആലപ്പുഴ. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും രാഷ്ട്രീയ വല്‍ക്കരിക്കുകയും ചെയ്ത ബി.ജെ.പി ഭരണകൂടം ഭരണഘടനയെതന്നെ തിരുത്തി എഴുതാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ ആലപ്പുഴ ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനമായ കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും വികസന സമീപനങ്ങളിലും നിര്‍ണ്ണായക പങ്കുള്ള കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്‍ ഇല്ലാതാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ആദ്യം ചെയ്തത്. സ്വയം ഭരണ സ്വഭാവമുള്ള റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ രാജ്യം കണ്ടതാണ്. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് സ്വന്തം താല്‍പര്യങ്ങള്‍ സൂക്ഷിക്കുന്ന ആളിനെ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നാണം കെട്ട നീക്കങ്ങള്‍ക്കെതിരായ വലിയ പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നത്. ഒരിക്കല്‍കൂടി ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യാനുള്ള അവകാശം പോലും പൗരന്മാര്‍ക്ക് നഷ്ടമാകുമെന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെജനാധിപത്യവും ഫാസിസവും തമ്മിലുള്ള മത്സരമാണ് വരാന്‍ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പെന്നും ജോസ് കെ.മാണി പറഞ്ഞു.
കടലും കായലും കരം കവരുന്ന ആലപ്പുഴയിൽ കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്രക്ക് വമ്പൻ വരവേല്പ്.
മതേതര ഭാരതം, കാർഷിക കേരളം എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ 24 ന് കാസർ കോട് നിന്നും ആരംഭിച്ച കേരള യാത്രയുടെ ജില്ലാ തല പര്യടനം തണ്ണീർമുക്കത്ത് നിന്നാണ് ആരംഭിച്ചത്.
കർഷകരെ കടക്കെണിയിലാക്കുന്ന സർക്കാരുടെ നയമാണ് എക്കാലവും കർഷകരെ ദുരിതത്തിലാക്കിയതെന്ന് ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി എം പി പറഞ്ഞു. കർഷകരെ സഹായിക്കാൻ യഥാർത്ഥ താത്പര്യം ഭരണാധികാരികൾക്കില്ല. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ കൈ പിടിക്കാറാണ് പതിവ്. പ്രളയാനന്തര കേരളം വാർത്തെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് കേന്ദ്രം ഉന്നയിക്കുന്ന തടസവാദങ്ങൾ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്തിയതായി ജോസ് കെ. മാണി പറഞ്ഞു.
ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്ത് ജില്ലാ പ്രസിഡന്റ് വി.സി ഫ്രാന്‍സിസിന്റ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ ചേര്‍ത്തലയില്‍ചേര്‍ന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എക്‌സ്.എം.പി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മണ്ണന്‍ചേരി വഴി ആലപ്പുഴയില്‍ എത്തിയ ജാഥയക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എടത്വായിലെ സ്വീകരണം കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘടനം ചെയ്തു.
ചെങ്ങന്നൂരില്‍ നടന്ന സമാപന സമ്മേളനം പി.സി വിഷ്ണുനാഥ് എക്‌സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, വി.റ്റി ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജേക്കബ് എബ്രഹാം, തോമസ് എം.മാത്തുണ്ണി, പ്രമോദ് നാരായണ്‍, ജെന്നിംഗ്‌സ് ജേക്കബ്, തോമസ് വടക്കേക്കരി, തോമസ് വേലിക്കകം, വാസുദേവന്‍, മുരളി വരിയാത്ത്, ജോണി പത്രോസ്, ഗോപിനാഥന്‍ നായര്‍, തോമസ് കുറ്റിശ്ശേരി, ടൈറ്റസ് വാണിയപുരക്കല്‍, ബീന റസാഖ്, ഷിബു ലൂക്കോസ്, എന്‍.ജയറാം തുടങ്ങിയവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
ജില്ലയിലെ ജാഥയിൽ അണിനിരന്നവരിൽ കർഷകരായിരുന്നു അധികവും. പ്രളയത്തിന്റെയും കൃഷി നാശത്തിന്റെയും കഥയാണ് ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group