ആലപ്പുഴ ഇരട്ടകൊലപാതകം: അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; 50 പേർ കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി
സ്വന്തം ലേഖകൻ
ആലപ്പുഴ: എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേര്‍ കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി.
ഇതില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ഐജി അറിയിച്ചു.
ഇനി അക്രമം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നതെന്നും ഹര്‍ഷിത അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം ആണ്’- ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഐജി പറഞ്ഞു.
ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍റെ ഇരുന്നൂറ്റമ്പത് മീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. കൊത്തുവാ ചാവടിപ്പാലം കടന്ന് വരുന്ന പ്രദേശമാണിത്. രഞ്ജിത് ശ്രീനിവാസനെ വീട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്.