ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; പ്രധാന ഡോക്ടർക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയൻ നടത്തിയതെന്ന പരാതിയുമായി ബന്ധുക്കൾ; കുട്ടികള്‍ മരിച്ചത് വൈകിയാണ് അറിയിച്ചതെന്നും ആരോപണം
സ്വന്തം ലേഖകൻ
ആലപ്പുഴ: മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടകളായ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോപണവുമായി അമ്മ സജിതയുടെ ബന്ധുക്കൾ. പ്രധാന ഡോക്ടർക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയൻ നടത്തിയത്. കുട്ടികള്‍ മരിച്ചത് വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ 16ന് ആണ് സിസേറിയൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വേദനയില്ലെന്ന് പറഞ്ഞ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച ഒരു കുഞ്ഞിന് അനക്കം ഇല്ലാതായി. സിസേറിയന് തൊട്ടുമുമ്പ് സജിത ഭക്ഷണം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയ്യാറായില്ല. പിന്നീട് എട്ടരയ്ക്ക് ആണ് രണ്ടു കുഞ്ഞുങ്ങളും മരിച്ചതായി അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തില്‍ മരിച്ചത്. ചികിത്സാപിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നാല് ദിവസം മുമ്പായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ഇന്ന് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ തന്നെ കുട്ടികള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.