സാക്ഷര കോട്ടയത്തിന് മുപ്പത് വയസ്; സ്വപ്നം  സാക്ഷാത്കരിച്ചവര്‍ക്ക് നഗരത്തിന്‍റെ ആദരം

സാക്ഷര കോട്ടയത്തിന് മുപ്പത് വയസ്; സ്വപ്നം സാക്ഷാത്കരിച്ചവര്‍ക്ക് നഗരത്തിന്‍റെ ആദരം

സ്വന്തംലേഖകൻ

കോട്ടയം : സമ്പൂർണ സാക്ഷരത നഗരം എന്ന ഖ്യാതി സ്വന്തമായതിന്‍റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ സ്വപ്ന നേട്ടത്തിലേക്ക് കൈപിടിച്ചു നടത്തിയവര്‍ക്ക് കോട്ടയത്തിന്‍റെ ആദരം. മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ 1989ലെ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ നഗരസഭാ കൗണ്‍സിലര്‍മാര്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു.
അക്ഷരങ്ങളുടെ പിന്‍ബലമില്ലാതെ നാടിന്‍റെ വികസനം സാക്ഷാത്കരിക്കാനാവില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. സാക്ഷരതാ പ്രവര്‍ത്തന മികവിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ യുവ പുരസ്കാരം നേടിയ ഇന്ദുലേഖയെയും 15 വര്‍ഷത്തിലധികമായി സാക്ഷരതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ചടങ്ങില്‍ ആദരിച്ചു.

നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലില്ലിക്കുട്ടി മാമ്മന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ജോസ് പള്ളിക്കുന്നേല്‍, കെ.കെ പ്രസാദ്, ലീലാമ്മ ജോസഫ്, കെ.ജെ സനില്‍, കൗണ്‍സിലര്‍മാരായ എം.പി സന്തോഷ് കുമാര്‍, ടി.സി.റോയി, സി.എന്‍ സത്യനേശന്‍, ടി.എന്‍ ഹരികുമാര്‍, കുഞ്ഞുമോന്‍ കെ. മേത്തര്‍, സാബു പുളിമൂട്ടില്‍, മുന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍. ചന്ദ്രമോഹന്‍, എം.ജി യൂണിവേഴ്സിറ്റി എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. എം. ജെ. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group