കോട്ടയം മെഡിക്കല്‍ കോളജ് പി.ആര്‍.ഒ നിയമന വിവാദം: പൊലീസ് അന്വേഷണം ആരംഭിച്ചു; യുവതിക്ക് ലഭിച്ചുവെന്ന് പറയുന്ന കത്തിന്‍റ രേഖകള്‍ പരിശോധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പി.ആര്‍.ഒ നിയമന വിവാദത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിലെത്തിയ പൊലീസ് സംഘം, യുവതിക്ക് ലഭിച്ചുവെന്ന് പറയുന്ന കത്തിന്‍റ രേഖകള്‍ പരിശോധിച്ചു.
ഇതില്‍ ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയതായാണ് സൂചന. ഇതോടെ യുവതിക്ക് ലഭിച്ചുവെന്ന് പറയുന്ന ഇന്‍റര്‍വ്യൂ കാര്‍ഡിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ആറിനാണ് പി.ആര്‍.ഒ ഇന്‍റര്‍വ്യൂ നടന്നത്. എറണാകുളം പ്രഫഷണല്‍ എംപ്ലോയ്മെന്‍റ് ഓഫിസില്‍നിന്ന് നല്‍കിയ സീനിയോരിറ്റി ലിസ്റ്റ് അനുസരിച്ചാണ് ഉദ്യോഗാര്‍ഥികളെ വിളിച്ചത്. ഇതനുസരിച്ച് ഇന്‍റര്‍വ്യൂ നടത്തിയപ്പോള്‍ ഇതില്‍ പങ്കെടുത്ത മെഡിക്കല്‍ കോളജില്‍ പി.ആര്‍.ഒ ട്രെയിനിയായി ജോലി ചെയ്തുവരുകയായിരുന്ന ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ യുവതി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
യുവതി തനിക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ട് നല്‍കിയ കാള്‍ലെറ്റര്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍നിന്ന് അയച്ചതല്ല ഇതെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ പരിശോധനയില്‍ ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ആശുപത്രിയില്‍ ഇന്‍റര്‍വ്യൂ പട്ടികയില്‍ ആറാം ക്രമനമ്പര്‍ സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗാര്‍ഥി എത്തിയിരുന്നില്ല. ഈ ക്രമനമ്പര്‍ സ്ഥാനത്താണ് ആരോപണ വിധേയയായ യുവതി പങ്കെടുക്കാന്‍ എത്തുകയായിരുന്നുവെന്നും കണ്ടെത്തി.
എന്നാല്‍, തനിക്ക് ആശുപത്രിയില്‍നിന്ന് ഇന്‍റര്‍വ്യൂവിന് ഹാജരാകണമെന്ന് കാട്ടി കത്ത് ലഭിച്ചുവെന്ന വാദത്തില്‍ യുവതി ഉറച്ചുനില്‍ക്കുകയാണ്. തുടര്‍ന്ന് ഇവര്‍ പൊലീസിലും പരാതി നല്‍കുകയായിരുന്നു. യുവതിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഇന്‍റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതാണോ, അതോ ഇന്‍റര്‍വ്യൂവില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ഥിയുടെ അനുമതിയോടെ സംഭവിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.