‘മന്ത്രി ഫോൺ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്; വോയിസ് ക്ലിപ്പ് റെക്കോഡ് ചെയ്യാൻ ഇടയായ സാഹചര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്’; എ.കെ.ശശീന്ദ്രനെതിരെ പരാതിക്കാരി മൊഴി നൽകി
സ്വന്തം ലേഖകൻ
കൊല്ലം: പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ച കേസിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ യുവതിയുടെ മൊഴി നൽകി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
മന്ത്രി ഫോൺ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോഡ് ചെയ്യാൻ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരെയും പൊലീസിന് മൊഴി നൽകിയെന്നും പരാതിക്കാരി പറഞ്ഞു.
പീഡന കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസിൽ മന്ത്രിയും കുറ്റക്കാരനാണെന്നും മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
പത്മാകരൻ തൻറെ കൈയിൽ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിക്ക് ശേഷം 24-ാം ദിവസമാണ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുന്നത്.
ആരോപണ വിധേയനായ ജി. പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇവർക്കെതിരെ പരാതി നൽകിയതിനു ശേഷം പലതവണ സ്ത്രീ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും എഫ്ഐആർ ഇടുകയോ മൊഴിയെടുക്കുകയൊ ചെയ്തിരുന്നില്ല.
പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാൽ മന്ത്രി എ.കെ. ശശീന്ദ്രൻറെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയായിരുന്നു.
അതേസമയം, ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെങ്കിലും സ്പീക്കർ അത് തള്ളി. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി.