എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്നും പണം ഈടാക്കുന്ന വിവരം അറിഞ്ഞിരുന്നില്ല :  യാത്രാനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി ഖത്തര്‍

എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്നും പണം ഈടാക്കുന്ന വിവരം അറിഞ്ഞിരുന്നില്ല : യാത്രാനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി ഖത്തര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ദോഹ-തിരുവനന്തപുരം വിമാനത്തിന് യാത്രാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടെ ആശങ്കയ്ക്ക് വിരാമമായി. എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ല, സൗജന്യ യാത്രയാണെന്ന് കരുതിയാണ് ആദ്യം അനുമതി നല്‍കിയതെന്നും അധികൃതര്‍ വിശരീകരണം നല്‍കി.

ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ പണം ഈടാക്കിയിരുന്നു. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യ പാര്‍ക്കിംഗ് ചാര്‍ജ് ഒടുക്കണമെന്നുമുള്ള ആവശ്യം തങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ തയാറായിരുന്നില്ല. അതിനാലാണ് യാത്ര നിഷേധിച്ചത്. പിന്നീട് ഇന്ത്യന്‍ എംബസി ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ശേഷമാണ് യാത്രാനുമതി നല്‍കിയതെന്നും വിശദീകരണം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമാന സര്‍വീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാല്‍ എയര്‍ ഇന്ത്യ സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കിയതും ഖത്തറിനെ ചൊടിപ്പിക്കുകയായിരുന്നു.

സൗജന്യ സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേസ് തയാറാണെന്ന വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അനുകൂലമായല്ല ഇതിനോട് പ്രതികരിച്ചതെന്നും ഖത്തര്‍ വെളിപ്പെടുത്തുന്നു. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നിനായി എയര്‍ ഇന്ത്യ 15000 രൂപയോളമാണ് ഈടാക്കുന്നത്.

എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് എയര്‍ ഇന്ത്യ വിമാനം ഇന്ന് ദോഹയില്‍ നിന്നും പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് നാലരയോടെയായിരിക്കും (ഇന്ത്യന്‍ സമയം 7.00) ദോഹയില്‍ നിന്ന് പുറപ്പെടുക. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.45 ഓടെ യാത്രക്കാരുമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.

എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ യാത്ര റദ്ദാക്കിയതെന്നും നാളത്തെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ ഇന്ന് അറിയിക്കുമെന്നും ദോഹയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങളും യാത്രാ വിലക്കുമുള്ളവര്‍ക്ക് യാത്രക്ക് അനുമതിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി പോയവരില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച 44,000 ത്തോളം പ്രവാസികളാണ് ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. 181 യാത്രക്കാരാണ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലുള്ളത്. ഇവരില്‍ ഗര്‍ഭിണികള്‍, രോഗികള്‍, അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് പോകുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരും ഉണ്ട്.