play-sharp-fill
കാർഷിക സെൻസസ്; പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ;സെൻസസ് നടത്തിപ്പിനായി സംസ്ഥാനതല, ജില്ലാതല ഏകോപന സമിതികൾ രൂപീകരിച്ചു.

കാർഷിക സെൻസസ്; പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ;സെൻസസ് നടത്തിപ്പിനായി സംസ്ഥാനതല, ജില്ലാതല ഏകോപന സമിതികൾ രൂപീകരിച്ചു.

സ്വന്തം ലേഖകൻ
കോട്ടയം: പതിനൊന്നാമത് കാർഷിക സെൻസസിനോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. കളക്‌ട്രേറ്റിൽ കൂടിയ കാർഷിക സെൻസസിന്റെ ജില്ലാതല ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർമാർ സമീപിക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണം. എന്യൂമറേറ്റർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. കാർഷിക സെൻസസിന് ആവശ്യമായ പ്രാദേശിക സഹകരണം ലഭ്യമാക്കാൻ കൃഷി, വനം, പൊലീസ്‌, തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര സർക്കാരാണ് സെൻസസ് നടത്തുന്നത്. സംസ്ഥാനത്ത് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണ് സെൻസസ് നടത്തിപ്പു ചുമതല.
യോഗത്തിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ അജിത് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ ജോണി മാത്യു, ജൂഹി മരിയ ടോം, ആർ. രാജേഷ്, എൻ.എം. സാബു, എസ്. സുധീഷ് കുമാർ, എസ്. സൈലേഷ് രാജ്, വി.ആർ. വിനോദ് എന്നിവർ പങ്കെടുത്തു.

കാർഷിക സെൻസസ് എന്തിന്?

വികസന പദ്ധതികൾ ആസൂത്രണം ചെയ്യൽ, സാമൂഹിക-സാമ്പത്തിക നയരൂപീകരണം എന്നിവയ്ക്ക് കാർഷിക സെൻസസ് വിവരങ്ങളാണ് ഉപയോഗിക്കുക. കൃഷിയുടെയും കൃഷി സ്ഥലത്തിന്റെയും (ഓപ്പറേഷണൽ ഹോൾഡിംഗുകൾ) എണ്ണവും വിസ്തൃതിയും, ഭൂവിനിയോഗം, കൃഷിരീതി, കൃഷിക്കുള്ള ജലസേചനം, വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക മേഖലയുടെ ഘടനയും സവിശേഷതകളും വിവരിക്കൽ, കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് പദ്ധതി തയാറാക്കൽ, നയം രൂപീകരിക്കാനുള്ള വിവര ശേഖരണം, ഭാവിയിലെ കാർഷിക സർവേയ്ക്ക് ചട്ടക്കൂട് രൂപീകരിക്കൽ എന്നിവയാണ് സെൻസസിന്റെ ലക്ഷ്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻസസ് മൂന്നുഘട്ടമായി

തദ്ദേശസ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് കാർഷിക സെൻസസ് നടത്തുന്നത്. ഇതിനായി എന്യൂമറേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നുഘട്ടമായാണ് സെൻസസ്. ഒന്നാംഘട്ടത്തിൽ എല്ലാ തദ്ദേശസ്വയംഭരണ വാർഡുകളിലെയും മുഴുവൻ ഉടമസ്ഥരുടെയും കൈവശമുള്ള ഭൂമിയുടെ എണ്ണം, വിസ്തൃതി, സാമൂഹിക-ജെൻഡർ വിവരങ്ങൾ, ഉടമസ്ഥത, കൃഷിഭൂമിയുടെ തരം എന്നീ പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 20 ശതമാനം വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന കൃഷിസ്ഥലങ്ങളിലെ കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരം ശേഖരിക്കും. മൂന്നാംഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഏഴു ശതമാനം സാമ്പിൾ വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന കൃഷിസ്ഥലങ്ങളിൽ കൃഷിക്കാവശ്യമായ വളം, കീടനാശിനി, കൃഷി ഉപകരണങ്ങൾ തുടങ്ങിയവ, ഉപയോഗ രീതി എന്നിവ ശേഖരിക്കും.
സെൻസസ് നടത്തിപ്പിനായി സംസ്ഥാനതല, ജില്ലാതല ഏകോപന സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല ഏകോപന സമിതിയുടെ ചെയർമാൻ ജില്ലാ കളക്ടറാണ്. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു ഡെപ്യൂട്ടി ഡയറക്ടറാണ് കൺവീനർ. ജില്ലാ പൊലീസ് മേധാവി, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നഗരസഭ/പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളാണ്.

Tags :