വിത്തു വിതരണ രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടി; കൃഷി ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും

വിത്തു വിതരണ രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടി; കൃഷി ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും

 

സ്വന്തം ലേഖകൻ

 

മൂവാറ്റുപുഴ: കരിമ്പ് കൃഷിക്കുള്ള വിത്തു വിതരണ രേഖകളില്‍ കൃത്രിമം കാണിച്ചു 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു.

 

ഇടുക്കി കാന്തല്ലൂര്‍ കൃഷി ഓഫിസറായിരുന്ന മൂന്നാര്‍ ജനറല്‍ ഹോസ്പിറ്റല്‍ ക്വാര്‍ട്ടേഴ്‌സില്‍ പി. പളനിക്കാണ് ശിക്ഷ വിധിച്ചത്. അഞ്ചു കര്‍ഷകര്‍ക്കു കരിമ്പിൻ വിത്തു നല്‍കുന്നതില്‍ ക്രമക്കേടു നടത്തി 2500 രൂപ തട്ടിയെടുത്തുവെന്നാണു കേസ്. അഴിമതി നിരോധന വകുപ്പു പ്രകാരം മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജുവാണു ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസില്‍ രണ്ടാം പ്രതിയായി വിജിലൻസ് ഉള്‍പ്പെടുത്തിയിരുന്ന സീനിയര്‍ അഗ്രികള്‍ചറല്‍ അസിസ്റ്റന്റ് കെ. ഐസക്കിനെ കോടതി വിട്ടയച്ചു. ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പി കെ.വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി വിജിലൻസ് ഇൻസ്‌പെക്ടര്‍മാരായ എ.സി. ജോസഫ്, ജില്‍സണ്‍ മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്.

 

ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പി പി.ടി. കൃഷ്ണൻകുട്ടിയാണു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടര്‍ വി.എ. സരിത ഹാജരായി. പി. പളനിയെ കരിമ്പുകൃഷിയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതിന്റെ പേരില്‍ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിരുന്നു.