സ്വാശ്രയ മെഡിക്കൽ വിദ്യാർത്ഥികളിൽനിന്ന് മുൻകൂർ ഫീസ് പിരിക്കുന്നത് നിയമവിരുദ്ധം; ഉത്തരവ് ലംഘിച്ച് ഫീസ് പിരിക്കുന്ന കോളേജുകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ഫീസ് നിയന്ത്രണ സമിതി ഉത്തരവ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ വിദ്യാർത്ഥികളിൽനിന്ന് മുൻകൂർ ഫീസ് പിരിക്കുന്നത് നിയമവിരുദ്ധവും ലാഭക്കൊതിയോടെയുള്ള നിരോധിത പ്രവർത്തനവുമാണെന്ന് വ്യക്തമാക്കി ഫീസ് നിയന്ത്രണ സമിതി ഉത്തരവ്. ഉത്തരവ് ലംഘിച്ച് ഫീസ് പിരിക്കുന്ന കോളേജുകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്നും സമിതി ചെയർമാൻ ജസ്റ്റിസ് കെ.കെ. ദിനേശന്റെ ഉത്തരവിൽ പറയുന്നു.
പാലക്കാട് പി.കെ. ദാസ് കോളേജ് വിദ്യാർത്ഥി നൽകിയ പരാതിയിലാണ് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മുൻകൂട്ടി ഫീസ് പിരിച്ചെടുക്കുന്നത് നിയമപ്രകാരമല്ലെന്ന് വ്യക്തമാക്കിയത്. കോളേജിൽ നാലാം വർഷ എംബിബിഎസിന് പഠിക്കുന്ന വിദ്യാർത്ഥിയിൽനിന്ന് അഞ്ചാം വർഷ ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമിതി മുമ്പാകെ പരാതി എത്തിയത്.
വിദ്യാർത്ഥിയുടെ നാലാം വർഷ എംബിബിഎസ് പരീക്ഷ 2025 മേയിൽ മാത്രം നടക്കാനിരിക്കെയാണ് അഞ്ചാം വർഷത്തെ ഫീസ് ഒടുക്കാൻ കോളേജ് അധികൃതർ നിർബന്ധിച്ചത്. ഓരോ വർഷത്തെയും ഫീസ് അതത് വർഷങ്ങളിൽ മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതിയും ഫീസ് നിയന്ത്രണസമിതിയും നേരത്തേ വിവിധ ഉത്തരവുകളിൽ നിർദേശിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥിയുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻകൂർ ഫീസ് ഈടാക്കാൻ അനുമതി നൽകിയാൽ അഞ്ചുവർഷത്തെ ഫീസ് നാലു വർഷംകൊണ്ട് ഒടുക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതമാകുമെന്ന് സമിതി വിലയിരുത്തി. എംബിബിഎസ് കോഴ്സിന്റെ യാഥാർത്ഥ ദൈർഘ്യം നാലര വർഷമാണെന്നും ആറു മാസം ഹൗസ് സർജൻസി കാലഘട്ടമാണെന്നും അതിനാൽ അഞ്ചാംവർഷ ഫീസ് നാലാം വർഷത്തിൽ ആവശ്യപ്പെടുന്നതിൽ അനുചിതമായി ഒന്നുമില്ലെന്ന് കോളേജ് അധികൃതർ നൽകിയ എതിർസത്യവാങ്മൂലം സമിതി തള്ളി.
ഫീസ് നിയന്ത്രണ സമിതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച് കോളേജിന് ഫീസ് പിരിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു. ഒട്ടേറെ സ്വാശ്രയ കോളേജുകൾ മുൻകൂറായി വിദ്യാർത്ഥികളിൽനിന്ന് ഫീസ് പിരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്.