അടിവയറ്റില്‍ വേദനയും ഛര്‍ദിയുമായ വന്ന യുവതിക്ക് നടത്തിയ ഓപ്പറേഷനില്‍ ചികില്‍സാ പിഴവ്; അടൂര്‍ ലൈഫ് ലൈൻ ആശുപത്രി അഞ്ച് ലക്ഷം രൂപ രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ ഉത്തരവ്
പത്തനംതിട്ട: അടിവയറ്റില്‍ വേദനയും ഛർദിയുമായി വന്ന യുവതിക്ക് നടത്തിയ ശസ്ത്രക്രിയയില്‍ ചികില്‍സാ പിഴവുണ്ടായി എന്ന പരാതിയില്‍ അടൂർ ലൈഫ്ലൈൻ ആശുപത്രി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കലഞ്ഞൂർ കളയില്‍വിളയില്‍ ഡെല്‍മ കുസുമൻ നല്‍കിയ ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിച്ചത്.
2016 ഡിസംബർ 15 നാണ് ഡെല്‍മ അടിവയറ്റില്‍ വേദനയും ഛർദിയുമായി ലൈഫ്ലൈൻ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചൻ രോഗിയെ പരിശോധിച്ചതിന് ശേഷം ഗർഭപാത്രത്തിലും ഓവറിയിലും മുഴകളുണ്ടെന്നും ഉടനെ നീക്കം ചെയ്യണമെന്നും നിർദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിൻ പ്രകാരം അഡ്‌മിറ്റായ രോഗിയെ 17 ന് ഡോ. സിറിയക് പാപ്പച്ചൻ ശസ്ത്രക്രിയ നടത്തി. 21 ന് രോഗി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും 15 ദിവസം കഴിഞ്ഞപ്പോള്‍ കലശലായ ബ്ലീഡിങും വേദനയും അനുഭവപ്പെട്ടു. വീണ്ടും ലൈഫ്ലൈൻ ആശുപത്രിയിലെത്തി വിവരം പറഞ്ഞു. രോഗിയുടെ അവസ്ഥ മോശമായതിനാല്‍ അന്നു തന്നെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തു.
രക്തം ഒരു പാട് നഷ്ടപ്പെട്ടതിനാല്‍ രക്തം കൊടുക്കുകയും ചെയ്തു. എന്നാല്‍, ഓരോ ദിവസവും നില വഷളായി വന്നു. ഇതിന്റെ കാരണം ചോദിച്ച ബന്ധുക്കള്‍ക്ക് വ്യക്തമായ മറുപടി കിട്ടിയില്ല. തുടർന്ന് രോഗിയുടെ ഭർത്താവും മകനും ചേർന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെ നടത്തിയ പരിശോധനയില്‍ കുത്തിക്കെട്ടാൻ ഉപയോഗിച്ച നൂല്‍ നീക്കം ചെയ്യാതെ അകത്തു തന്നെ ഇരുന്നതാണ് വേദനയും ബ്ലിഡിങ്ങും ഉണ്ടാകാൻ കാരണമെന്ന് കണ്ടെത്തി. ഇത് മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതോടെ രോഗി സുഖം പ്രാപിച്ചു.
ലൈഫ്ലൈൻ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില മോശമായപ്പോഴും ഒരു വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിക്കുകയോ ആവശ്യമായ സംരക്ഷണം കൊടുക്കുകയോ ചെയ്തില്ല എന്ന ആക്ഷേപമാണ് രോഗിയുടെ ഭർത്താവും ബന്ധുക്കളും ഉന്നയിക്കുന്നത്. രോഗിക്ക് മെച്ചപ്പെട്ട ചികില്‍സ ലഭിക്കാത്തതു കൊണ്ടാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പോയി രണ്ടാമതും ഒരു ഓപ്പറേഷന് വിധേയമാകേണ്ടി വന്നത്.
ചികില്‍സാ പിഴവു മൂലം രോഗിക്കുണ്ടായ ചെലവും നഷ്ടപരിഹാരവും ലഭിക്കുന്നതിന് വേണ്ടിയാണ് അടൂർ ലൈഫ്ലൈൻ ആശുപത്രി ആശുപത്രി ഒന്നും ഡോ. സിറിയക് പാപ്പച്ചൻ രണ്ടും പ്രതികളായി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനില്‍ ഹർജി നല്‍കിയത്.