എ.ഡി.എം നവീൻ ബാബുവിന്റെ ഫോൺ കളക്ടർ ഫോർമാറ്റ് ചെയ്താണ് കൈമാറിയത്: എന്തിന്? ആര് പറഞ്ഞിട്ട് ? അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിട്ടുപോയത് എങ്ങനെ? ഉറ്റബന്ധുക്കൾ വരാതെ ഇൻക്വസ്റ്റ് നടത്തിയത് എന്തിന്? ആത്മഹത്യയല്ല എന്നതിന് കുടുംബത്തിന്റെ സംശയങ്ങൾ ഒന്നു കൂടി ബലപ്പെടുന്നു.
റിട്ട. പൊലീസ് സൂപ്രണ്ട് എൻ.സുഭാഷ് ബാബു പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ വിശകലനം ചെയ്യുന്നു.
കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണം സ്വാഭാവികമായ ആത്മഹത്യയാണെന്ന് പറയാനാവില്ല. കുടുംബം ആരോപിക്കുന്ന കൊലപാതകത്തെ തള്ളിക്കളയാനും ആവില്ല. ഇൻക്വസ്റ്റ് റിപ്പോർട്ടും അതിനുശേഷം നടന്ന നടപടികളിലുമെല്ലാം അസാധാരണത്വമുണ്ട്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ എന്തെല്ലാം പരിശോധിച്ചു,
എന്ത് റിപ്പോർട്ട് നല്‍കി എന്നത് പ്രധാനമാണ്. അതുപോലെ പൊലീസിന്റെ കുറ്റപത്രം, കളക്ടറുടെ ഇടപെടല്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്റെ വിശദീകരണങ്ങള്‍, എ.ഡി.എമ്മിന്റെ ഡ്രൈവറുടെ മൊഴി എല്ലാം പരിശോധനാവിഷയമാകണം. പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് പറയാൻ മാത്രം കുടുംബത്തിന് കാരണങ്ങള്‍ ഒരുപാടുണ്ട്. പിന്നെന്തിനാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻക്വസ്റ്റ് റിപ്പോർട്ട്
മരിച്ചത് ഒരു സാധാരണക്കാരനല്ല. ഇതുപോലെ നിരവധിയായ ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇൻക്വസ്റ്റ് നടത്തിയ ഉദ്യാഗസ്ഥനാണ് നവീൻബാബു. അത്തരമൊരു ഉദ്യോഗസ്ഥനാണ് കേവലം മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്ന് പറയുന്നത്. അത് വിശ്വാസ യോഗ്യമല്ല. ബന്ധുക്കളില്ലെങ്കിലും ഇൻക്വസ്റ്റ് നടത്താം. എന്നാല്‍, അധികം താമസമില്ലാതെ ബന്ധുക്കളെത്തുമെങ്കില്‍ അവരുടെ സാന്നിദ്ധ്യം വേണം.
നവീൻബാബുവിന്റെ ഭാര്യയാവട്ടെ ഇതുപോലെ നിരവധി ഇൻക്വസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന തഹസില്‍ദാറും. ഇവർ സ്ഥലത്തെത്തുമെന്ന് പറഞ്ഞാല്‍ തീർച്ചയായും കാത്തിരിക്കണം. എങ്കിലും ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ അടിവസ്ത്രത്തിലെ രക്തക്കറ റിപ്പോർട്ട് ചെയ്തു. അവർ പുറത്തുവിട്ട ഇൻക്വസ്റ്റ് റിപ്പോർട്ടിലും അതുണ്ട്. പക്ഷേ, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ റിപ്പോർട്ടിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും അന്വേഷണസംഘം കോടതിയില്‍കൊടുത്ത റിപ്പോർട്ടിലുമൊന്നും രക്തക്കറയില്ല.
സ്വാഭാവികമായും തൂങ്ങിമരിച്ച ഒരാളുടെ ദേഹത്തില്‍ രക്തക്കറകളുണ്ടാവാറുണ്ട്. അത് മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉണ്ടാവാം. അല്ലെങ്കില്‍ ജനനേന്ദ്രിയം, മലദ്വാരം എന്നിവിടങ്ങളില്‍ നിന്ന്. എത്രദിവസം കഴിഞ്ഞാലും അതിന്റെ ഉണങ്ങിയ പാടുകള്‍ ദേഹത്ത് അവശേഷിക്കും. അത് പരിശോധിച്ച റിപ്പോർട്ടുകള്‍ നിർബന്ധമായും ഉണ്ടാവണം.
കുടുംബത്തിന്റെ ആരോപണം
എങ്ങനെയാണ് കുടുംബത്തിന്റെ കൊലപാതക ആരോപണങ്ങള്‍ തള്ളിക്കളയാനാവുക. എ.ഡി.എം മരിച്ചത് 0.5 സെന്റീമീറ്റർ മാത്രമുള്ള ഒരു കയറിലാണ്. അദ്ദേഹത്തെപ്പോലൊരാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ കേവലം അയയില്‍ കെട്ടാൻ മാത്രം ഉപയോഗിക്കുന്ന ഒരു കയർ തിരഞ്ഞെടുക്കുമോ എന്നത് സംശയകരമാണ്. തലേദിവസം കുടുംബത്തെ വിളിച്ച് അടുത്ത ദിവസം രാവിലെ റെയില്‍വേസ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുക, അവർ അവിടെ കാത്തിരിക്കുക തുടങ്ങിയവയെല്ലാം സംശയകരമാണ്. ഒരു ആത്മഹത്യാകുറിപ്പുപോലും എഴുതിവച്ചില്ലെന്നതും അങ്ങേയറ്റം ദുരൂഹം.
കളക്ടറുടെ മൊഴിയിലും സംശയം
ആദ്യ പതിനൊന്ന് ദിവസവും ഒരു എ.ഡി.എമ്മിന്റെ മരണം അന്വേഷിച്ചത് കേവലം ഒരു സി.ഐ ആണ്. കളക്ടറുടെ മൊഴിയെടുത്തതും അദ്ദേഹം. എ.ഡി.എമ്മിന്റെ ഫോണ്‍ ഫോർമാറ്റ് ചെയ്താണ് അന്വേഷണ സംഘത്തിന് കിട്ടിയത്. കളക്ടർക്ക് ആരാണ് ഇത്തരമൊരു കേസില്‍ ഫോണ്‍ ഫോർമാറ്റ് ചെയ്യാൻ അവകാശം നല്‍കിയത്.
പ്രശാന്തൻ എന്ന പെട്രോള്‍പമ്പ് അപേക്ഷകൻ ആരുടെ ബിനാമിയാണ്. കോഴിക്കോട് മെഡിക്കല്‍കോളജില്‍ പോസ്റ്റുമോർട്ടം നടത്തണമെന്നാവശ്യപ്പെട്ടിട്ടും എന്തിനാണ് പരിയാരത്ത് സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍തന്നെ അത് ചെയ്തത്? എല്ലാം കൂട്ടിവായിക്കുമ്പോള്‍ കുറ്റകരമായ അനാസ്ഥ നടന്നിട്ടുണ്ട്.