എ ഡി എം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പരിശോധിച്ചു: ചില നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കണ്ണൂർ: എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു..
എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ അഴിമതിയാരോപണത്തിനുശേഷം രാത്രി ഫോണില്‍ ബന്ധപ്പെട്ടവരുടെയും നവീൻ ബാബുവിന്റെ ആത്മഹത്യക്കുശേഷം ദിവ്യ ഫോണില്‍ ബന്ധപ്പെട്ടവരുടെയും കോള്‍ലിസ്റ്റും പോലീസ് പരിശോധിച്ചു.
ഇതിൽ പ്രമുഖ വ്യക്തികൾ ആരൊക്കെ എന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതിൽ പ്രധാനപ്പെട്ട ചിലരുടെ മൊഴിയെടുക്കാനും സാധ്യതയുണ്ട്. നിർണായകമായ ചില തെളിവുകൾ സ്വകാര്യ ഫോണിൽ നിന്ന് ലഭിച്ചതായും സൂചനയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന വീഡിയോ ദിവ്യ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ടോ? പങ്കുവച്ച ശേഷം ഒഴിവാക്കിയതാണോ, യാത്രയയപ്പിലെ സംഭവങ്ങള്‍ ചിത്രീകരിക്കാൻ മനഃപൂർവ്വം സ്വകാര്യ ചാനലിനെ വിളിച്ചുവരുത്തിയതാണോ തുടങ്ങിയവയും പൊലീസ് അന്വേഷിച്ചുവരികയാണ്.
കൂടാതെ നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ മൊഴി അടുത്തദിവസം പോലീസ് രേഖപ്പെടുത്തും.
നവീൻ ബാബുവിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണസംഘം ഈയാഴ്ച പത്തനംതിട്ടയിലേക്ക് പോകും. പ്രശാന്തനുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചുവരികയാണ്.