രണ്ടുപേരുടെ ജീവനെടുത്തു അമിതവേഗത്തിൽ പാഞ്ഞ കാറിനെ കണ്ടെത്താനാകാതെ പൊലീസ് ; ഒതുക്കി നിർത്തിയ കാർ പിന്നീട് മുന്നോട്ട് എടുത്തു പോയതിന്റെ ദുരൂഹതയെന്ത് ?

രണ്ടുപേരുടെ ജീവനെടുത്തു അമിതവേഗത്തിൽ പാഞ്ഞ കാറിനെ കണ്ടെത്താനാകാതെ പൊലീസ് ; ഒതുക്കി നിർത്തിയ കാർ പിന്നീട് മുന്നോട്ട് എടുത്തു പോയതിന്റെ ദുരൂഹതയെന്ത് ?

 

സ്വന്തം ലേഖിക

തിരുവനന്തപുരം : വെള്ളയമ്പലം -ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന നിയമ വിദ്യാർഥിയും മരിച്ചു. നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് ലോ കോളജിലെ നാലാം വർഷ നിയമവിദ്യാർഥി ശാസ്തമംഗലം ബിന്ദുലായിൽ കെ.വി.മനോജിന്റെയും ബിന്ദുവിന്റെയും മകൻ ആദിത്യ ബി.മനോജ് (22) ആണു മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ഊബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) തൽക്ഷണം മരിച്ചിരുന്നു.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദിത്യയുടെ മരണം. വീട്ടുകാരുടെ തീരുമാനപ്രകാരം അവയവങ്ങൾ ദാനം ചെയ്തു. ബൈക്കിൽ സഞ്ചരിച്ച ആദിത്യയെ ഒരു കാർ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞെന്നാണു ബന്ധുക്കളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 29 ന് രാത്രി ഒൻപതിനു വെള്ളയമ്പലത്തു നിന്നു ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണ് ആദിത്യ അപകടത്തിൽ പെടുന്നത്. നെടുമങ്ങാട് വാളിക്കോട് ദാറുൽ ഷിഫായിൽ അബ്ദുൽ റഹീം വിതരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ ഓർഡറുമായി ഇതേ സമയത്തു റോഡ് കുറുകെ കടക്കുകയായിരുന്നു.

ലഭ്യമായ ദൃശ്യങ്ങൾ പ്രകാരം കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കിൽ നിന്നു വലതു ഭാഗത്തേക്കു ശക്തിയായി തെറിച്ചു വീഴുന്നതും വ്യക്തമാണെന്നു പൊലീസ് പറയുന്നു.അതേസമയത്തു തന്നെയാണ് റഹീമും അപകടത്തിൽപെട്ടത്. പക്ഷേ, അപകടം എങ്ങനെ സംഭവിച്ചു എന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

അപകടം കണ്ടു കാർ ഒതുക്കി നിർത്തിയെങ്കിലും ഉടൻ തന്നെ മുന്നോട്ടെടുത്തു കൊണ്ടു പോകുന്നതു ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. ഇതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അറിയിച്ചു. കാർ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

മികച്ച ടെലിവിഷൻ ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ ടിവി-സിനിമ ബാലതാരം സ്വസ്തികയാണ് ആദിത്യയുടെ സഹോദരി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മൂന്നിനു നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലുള്ള സെന്റ്മേരി ക്യൂൻ ഓഫ് പീസ് ബസിലിക്ക സെമിത്തേരിയിൽ നടന്നു.

ആദിത്യയുടെ ജീവൻ അപഹരിച്ചതു റോഡിൽ ഭീതി പരത്തി പാഞ്ഞ കാറിന്റെ അമിത വേഗമെന്ന് ബന്ധുക്കൾ. രണ്ടുപേരുടെ ജീവൻ അപഹരിച്ചിട്ടും കൊലയാളി വാഹനത്തെ ഇതുവരെ കണ്ടെത്താതെ മ്യൂസിയം പൊലീസ് ഒത്തുകളിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. യാത്രക്കാരെ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം ജവാഹർ നഗർ ഭാഗത്തേക്കു വാഹനം കടന്നതായി വിവരം ലഭിച്ചിട്ടും പൊലീസ് അനങ്ങിയില്ല.

കേസിന്റെ തുടക്കം മുതൽ മ്യൂസിയം പൊലീസ് കാണിച്ച അനാസ്ഥ പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്നു ബന്ധുക്കൾ പറഞ്ഞു. അപകടം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച ബന്ധുക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.

രണ്ടു പേരുടെ ജീവൻ അപഹരിച്ച വാഹനാപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചയാളുടെ രേഖാചിത്രം പൊലീസ് തയാറാക്കി. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം പരിശോധിച്ചാണിത്. കാർ കണ്ടെത്താനും ശ്രമം തുടങ്ങി. ചാരനിറത്തിലുള്ള സെൻ എസ്റ്റിലോ കാറാണ് പൊലീസ് തേടുന്നത്. ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഇതേ മോഡൽ കാറുകളുടെ വിവരങ്ങൾ മോട്ടർ വാഹന വകുപ്പിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചു.

ബൈക്കിൽ കാർ തട്ടിയതിനു തക്ക തെളിവുകളൊന്നും ക്യാമറാ ദൃശ്യത്തിൽ നിന്നു ലഭിച്ചിട്ടില്ല. എന്നാൽ അപകട സമയം ബൈക്ക് കാറിനെ മറികടക്കുന്നതു വ്യക്തമാണെന്നു മ്യൂസിയം പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം കാർ റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ദൃശ്യത്തിൽ കാണാം. കാറിന്റെ മുൻവശത്തു കേടുപാടുകളൊന്നുമില്ല. കാർ സമീപത്തു നിർത്തിയ ശേഷം ഒരാൾ നടന്നു വരുന്നുണ്ട്. പിന്നീടു കാർ മുന്നോട്ടു നീങ്ങി. കാർ ഓടിച്ചയാളെ കണ്ടെത്തിയാൽ വ്യക്തത ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.