തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച്‌ അന്വേഷണ സംഘത്തിൻ്റെ ഹർജി; അന്തിമ കുറ്റപത്രം ജൂലൈ 22ന് അകം  സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി;  നടിയെ ആക്രമിച്ച കേസില്‍ പ്രതിക്കൂട്ടിലാകുന്നത് ആരൊക്കെ..?

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച്‌ അന്വേഷണ സംഘത്തിൻ്റെ ഹർജി; അന്തിമ കുറ്റപത്രം ജൂലൈ 22ന് അകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസില്‍ പ്രതിക്കൂട്ടിലാകുന്നത് ആരൊക്കെ..?

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച്‌ അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ തിങ്കളാഴ്ച വരെയായിരുന്നു ക്രൈംബ്രാഞ്ച് സമയം ആവശ്യപ്പെട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി ജീവനക്കാരെയും യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഉപയോഗിച്ച അജ്ഞാത വിവോ ഫോണിന്റെ ഉടമയെന്ന് സംശയിക്കുന്നവരുടെ സിഡിആര്‍ (കോള്‍ ഡീറ്റയില്‍സ് റെക്കാഡ്) കഴിഞ്ഞ ദിവസം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സിഡിആര്‍ ശേഖരിച്ചത്.

അതേസമയം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയെന്നു കണ്ടെത്തണമെന്ന് വിചാരണക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേതെന്നു കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതെന്ന് കോടതി പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. ബിഗ് നോ ആണ് അവരോടു പറഞ്ഞത്. വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നു കോടതി പറഞ്ഞു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനോടു പ്രതികരിച്ചത്.