നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സാക്ഷികളില്‍ ഒരാള്‍ക്ക് മനംമാറ്റം; സത്യം എവിടെയും പറയാമെന്ന് വെളിപ്പെടുത്തല്‍; ദിലീപിന് വമ്പന്‍ തിരിച്ചടി
സ്വന്തം ലേഖിക
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിക്കെതിരെ ഉണ്ടായിരുന്ന സാക്ഷികളില്‍ സിനിമാ നടന്‍മാരും നടിമാരും അടക്കം പലരും കൂറുമാറിയിരുന്നു.
ഈ കൂറുമാറ്റം കേസില്‍ വമ്പന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൂറുമാറിയവരിലൊരാള്‍ സത്യം പറയാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ‘സത്യം’ തുറന്നു പറയാന്‍ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിക്കുകയുണ്ടായി. ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷന്‍ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല.
നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ സാഗര്‍ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിച്ചിരുന്നു.
ദിലീപ് നിര്‍മ്മിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം ജീവഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു പരാതി കൊടുത്തത്.
പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ദിലീപിന്റെ വീട്ടില്‍ വച്ചു തന്റെ മുന്നില്‍ വച്ചായിരുന്നു ദുബായിയില്‍ നിന്നെത്തിയ ഒരാള്‍ ദിലീപിനു കൈമാറിയതെന്നും അതു കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണു ബാലചന്ദ്രകുമാര്‍ പറഞ്ഞത് .
വിചാരണ അവസാനഘട്ടത്തിലെത്തിയ കേസാണിത്. അതുകൊണ്ടു അദ്ദേഹത്തിന്റെ മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ നുണപരിശോധന നടത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുകയാണ്. എന്തായാലും കൂറുമാറിയ സാക്ഷിയുടെ മടങ്ങി വരവ് ഇത് കേസില്‍ നിര്‍ണ്ണായകമാകും.