video

00:00
സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ; തളര്‍ന്നു വീണിട്ടും ആരും തിരക്കി എത്തിയില്ല, ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂർണ്ണമായ ജീവിതം നയിച്ചു ; ഒടുവില്‍ ഗാന്ധിഭവനിലെ അന്തേവാസിയായി ;  നടൻ ടി.പി. മാധവൻ യാത്രയായത് രണ്ട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി

സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ; തളര്‍ന്നു വീണിട്ടും ആരും തിരക്കി എത്തിയില്ല, ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂർണ്ണമായ ജീവിതം നയിച്ചു ; ഒടുവില്‍ ഗാന്ധിഭവനിലെ അന്തേവാസിയായി ; നടൻ ടി.പി. മാധവൻ യാത്രയായത് രണ്ട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി

സ്വന്തം ലേഖകൻ

സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച്‌ ഹരിദ്വാറിലേക്ക് പോയ ടി.പി. മാധവന് അവിടെവച്ച്‌ പക്ഷാഘാതം സംഭവിച്ചു. തുടർന്ന് ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേർന്ന് ആശുപത്രിയിലെത്തിച്ച്‌ ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവർ ചേർന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂർണ്ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു. 2016 ഫെബ്രുവരി 28 നാണ് ഗാന്ധിഭവനിലെത്തുന്നത്.

ഗാന്ധിഭവനില്‍ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ടി.പി. സിനിമയിലെ തിരക്കുകളില്‍ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി വേദികളില്‍ സജീവമായിരുന്നു. വിവിധസ്ഥലങ്ങളില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തു. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടിപി, ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെ യാത്രകളില്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എപ്പോഴും പങ്കുചേരുമായിരുന്നു. ഗാന്ധിഭവനിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കുമൊപ്പം സമയം ചിലവിടുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. ഗാന്ധിഭവനിലെത്തിയശേഷം അദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്‌കാരം, പ്രേംനസീർ അവാർഡ്, കൊട്ടാരക്കര ശ്രീധരൻനായർ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെത്തിയ ശേഷം ഒരു സിനിമയിലും രണ്ട് ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല്‍പ്പതാം വയസില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാജീവിതത്തിനിടയില്‍ അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഗ്രന്ഥകാരനും വിദേശ സർവ്വകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എൻ. പമേശ്വരൻ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബർ 7 ന് തിരുവനന്തപുരത്താണ് ടി.പി. മാധവന്റെ ജനനം.

ആഗ്ര യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയൻസില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവൻ പിന്നീട് ഡല്‍ഹി എസ്.എ.ഡി.സി.യില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമ നേടി. 1960 ല്‍ കല്‍ക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വർടൈസ്‌മെന്റില്‍ ബ്യൂറോ ചീഫായി ജോലിയില്‍ പ്രവേശിക്കുകയും ബ്ലിറ്റ്സ്, ഫ്രീ പ്രസ് ജേർണല്‍ എന്നിവയില്‍ പ്രവർത്തിക്കുകയും ചെയ്തു. ഇന്ത്യൻ എക്സ്പ്രസ് പത്രത്തില്‍ ബോംബെയിലും കല്‍ക്കത്തയിലുമായി ദീർഘകാലം സേവനമനുഷ്ടിച്ചു. കേരളകൗമുദി പത്രത്തിന്റെ കല്‍ക്കത്ത ബ്യൂറോ ചീഫായും ടി.പി. ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരില്‍ സ്വന്തമായി പരസ്യകമ്ബനിയും ആരംഭിച്ചു.

കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും അതീവ താല്പരനായിരുന്ന ടി.പി തന്റെ കർമ്മമേഖലകളായിരുന്ന ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂർ എന്നിവിടങ്ങളിലെയെല്ലാം മലയാളിസംഘടനകളിലെ പ്രധാന ആകർഷണമായിരുന്നു. അവിടെ നാടകാഭിനയത്തിലും അദ്ദേഹം തിളങ്ങി. കല്‍ക്കട്ടയില്‍ വെച്ച്‌ യാദൃച്ഛികമായി നടൻ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്രമേഖലയിലേക്കുള്ള വഴിയൊരുക്കി. നടൻ മധു സംവിധാനം ചെയ്ത ‘പ്രിയ’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നെ നിരവധി സിനിമകള്‍. 1983 ല്‍ ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ആന’ എന്ന ചിത്രം നിർമ്മിച്ചതും ടിപിയാണ്. മലയാള സിനിമാതാരസംഘടനയായ ‘അമ്മ’ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ ടിപി തുടർച്ചയായി പത്ത് വർഷം ആ സ്ഥാനം അലങ്കരിച്ചു.

മക്കള്‍: ദേവിക, രാജകൃഷ്ണ മേനോൻ (എയർ ലിഫ്റ്റ്, ഷെഫ്, പിപ്പ, ബരാഹ് ആന, ബാസ് യുൻ ഹായ് എന്നീ ഹിന്ദി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണമേനോൻ). ടി.പി. മാധവൻ സിനിമയില്‍ സജീവമായതോടെ ഭാര്യ സുധയുമായി വിവാഹമോചനം നേടി. ഡോ. രാംനായർ (യു.എസ്.എ.), ഇന്ദിര നായർ, കല്യാണി ഉണ്ണിത്താൻ (യു.എസ്.എ) ചന്ദ്രിക നായർ (പൂനെ) ഉണ്ണി തിരുക്കോട് എന്നിവർ സഹോദരങ്ങളാണ്.

രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാണ് ടി.പി. മാധവൻ യാത്രയായത്. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. മോഹൻലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധിഭവൻ അധികൃതർ അതിനായി ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് സാദ്ധ്യമായില്ല.

ടി.പി. മാധവന്റെ മൃതദേഹം നിവവില്‍ കൊല്ലം എൻ.എസ്. ഹോസ്പിറ്റല്‍ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതല്‍ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദർശനമുണ്ടാകും. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം.