നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

സ്വന്തം ലേഖകൻ

മുംബെെ: സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് (70) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

1987ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത സുഭഹ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സലിം ശ്രദ്ധേയനാകുന്നത്. പിന്നീട് ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഘോജ് എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താനായി എത്തിയും ഏറെ പ്രശംസ ഏറ്റുവാങ്ങി. സിനിമകളെക്കൂടാതെ ജനപ്രീതി കൂടുതല്‍ നേടിയതും പരമ്പരകളിലൂടെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈയില്‍ ജനിച്ച സലിം ക്രൈസ്റ്റ് സ്കൂളിലും പ്രസിഡന്‍സ് കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദവും സ്വന്തമാക്കി. 1978ല്‍ പുറത്തെത്തിയ സ്വര്‍ഗ് നരഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

തുടര്‍ന്ന് ദ്രോഹി, കൊയ്‌ലാ, സോള്‍ജ്യ‌ര്‍, അക്‌സ്, ഇന്ത്യന്‍, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വെട്രി വിഴാ, ചിന്ന ഗൗണ്ടര്‍, തിരുടാ തിരുടാ എന്നിവയാണ് സലിം വേഷമിട്ട തമിഴ് ചിത്രങ്ങള്‍.

എംടിയുടെ തിരക്കഥയില്‍ 1990ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ താഴ്‌വാരത്തിലൂടെയാണ് മലയാളികള്‍ക്ക് സലിമിനെ പരിചയം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ പ്രതിനായകനായിരുന്നു സലിം. പിന്നീട് ഉടയോന്‍ എന്ന ചിത്രത്തിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.ഹോളിവുഡ് ചിത്രം ദ് ലയണ്‍ കിംഗില്‍ സ്കാര്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയും അദ്ദേഹം ഏറെ കയ്യടി നേടിയിരുന്നു.