ഐ ലുക്ക് യങ്, ബട്ട് അയാം നോട്ട് യങ് ; ജീവിതത്തില്‍ കടമകളൊക്കെ ഭംഗിയായി നിര്‍വ്വഹിച്ചെന്ന ഉത്തമബോധ്യത്തിലാണ് ജീവിക്കുന്നത്. രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതായി. ഇപ്പോള്‍ എന്റെ മക്കളും സിനിമയുമാണ് കൂട്ടും ലോകവും : നടൻ ജഗദീഷ് ; ഒപ്പം വിശേഷങ്ങൾ പങ്ക് വച്ച് മക്കളും
സ്വന്തം ലേഖകൻ
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജഗദീഷ്. കോമേഡിയനായും നായകനായും വില്ലനായും സഹനടനായുമെല്ലാം ജഗദീഷ് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.ക്യാമറയ്ക്ക് പിന്നില്‍ സംവിധായകനും രചയീതാവും ഗായകനുമൊക്കെയായി മാറാനും സാധിച്ചു. അടിമുടി സിനിമാപ്രേമിയായ ജഗദീഷ് തന്റെ കരിയറില്‍ വലിയൊരു തിരിച്ചുവരവും ഗിയര്‍ ചേഞ്ചുമൊക്കെ നടത്തിയ വര്‍ഷമായിരുന്നു കടന്നു പോയത്.
രണ്ടാം ഇന്നിങ്‌സില്‍ ജഗദീഷ് ചെയ്ത വേഷങ്ങളെല്ലാം തന്നെ ശ്രദ്ധ നേടി. ഫാലിമിയിലെ അച്ഛന്‍ മുതല്‍ റോഷാക്കിലേയും ഈയ്യടുത്തിറങ്ങിയ ഓസ്ലറിലേയും വില്ലന്‍ വേഷങ്ങളും കയ്യടി നേടുന്നവയായിരുന്നു. ഈയ്യടുത്തായിരുന്നു ജഗദീഷിന്റെ ഭാര്യയും ഫോറന്‍സിക് സര്‍ജനുമായ രമയുടെ മരണം. ഭാര്യയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും ജഗദീഷ് തിരികെ വരുന്നത് സിനിമയുടെ കൈ പിടിച്ചായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ രമയുടെ മരണത്തെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ജഗദീഷും മക്കളായ രമ്യയും സൗമ്യയും മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷും കുടുംബവും മനസ് തുറന്നത്. അമ്മയുടെ മരണം അടിച്ചേല്‍പ്പിച്ച തീവ്രമായ ദുഖത്തില്‍ നിന്നും പിടിച്ചു കയറാനുള്ള കച്ചിത്തുരമ്പായിരുന്നു അച്ഛന് സിനിമയെന്നാണ് മക്കള്‍ പറയുന്നത്. അമ്മയ്ക്ക് വയ്യാതായതോടെ, അച്ഛന്റെ മുഖത്തെ ചിരി മാഞ്ഞു. അമ്മയുടെ ആരോഗ്യനില മോശമാകുന്നതിനൊത്ത് അച്ഛന്‍ മാനസികമായി തളര്‍ന്നു. അമ്മ പോയതോടെ അച്ഛന്റെ വെളിച്ചം കെട്ടതുപോലെയായി. അതില്‍ നിന്നൊരു മാറ്റമുണ്ടായത് സിനിമയില്‍ സജീവമായതോടെയാണെന്നാണ് മകള്‍ സൗമ്യ പറയുന്നത്.
രമ മരിച്ച് അധികം വൈകാതെയാണ് നിസാം ബഷീര്‍ റോഷാക്ക് എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അച്ഛനെന്തായാലും ആ കഥാപാത്രം ചെയ്യണമെന്ന് മക്കള്‍ രണ്ടു പേരും പറഞ്ഞു. എനിക്കൊരു മാറ്റമാകട്ടെയെന്ന് കരുതിയിട്ടാകാം. മമ്മൂക്ക നായകനായ മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമ. ഷൂട്ടിങ്ങിന്റെ രണ്ടാം ദിവസങ്ങളില്‍ മമ്മൂക്ക പറഞ്ഞു, ജഗദീഷ് തനിക്ക് സിനിമയില്‍ ഗംഭീരമായൊരു ഇന്നിങ്‌സ് ബാക്കിയുണ്ട്. ഇപ്പോള്‍ എല്ലാവരും അതുതന്നെ എന്നോട് പറയുന്നു. ആ വലിയ നടന്റെ പ്രവചനം ശരിയായത് പോലെയായെന്ന് ജഗദീഷ് പറയുന്നു.
രമ്യയ്ക്ക് കുറച്ച് ജ്യോതിഷമൊക്കെ വശമുണ്ട്. അച്ഛന് ഇനി ഉഗ്രന്‍ സമയമാണെന്ന് രണ്ടു കൊല്ലം മുമ്പ് ഇവള്‍ പറഞ്ഞു. അന്നത് ആരും വിശ്വിസിച്ചില്ലെന്ന പരഭവം ഇവള്‍ക്കിപ്പോഴുമുണ്ടെന്നും താരം പറയുന്നു. രമ പോയ ശേഷം ഞാന്‍ ഈ വീട്ടില്‍ തനിച്ചാണ്. വാരാന്ത്യങ്ങളില്‍ ഇളയമകളും ഭര്‍ത്താവും മക്കളേയും കൊണ്ട് ഇവിടേക്ക് വരും. ജീവിതത്തില്‍ കടമകളൊക്കെ ഭംഗിയായി നിര്‍വ്വഹിച്ചെന്ന ഉത്തമബോധ്യത്തിലാണ് ഞാന്‍ ജീവിക്കുന്നത്. രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതായി. ഇപ്പോള്‍ എന്റെ മക്കളും സിനിമയുമാണ് കൂട്ടും ലോകവുമെന്നും ജഗദീഷ് പറയുന്നു.
കണ്ടാല്‍ ചെറുപ്പമാണെന്ന് പലരും പറയാറുണ്ട്. അതില്‍ സന്തോഷം. എന്നാല്‍ അയാള്‍ക്ക് പ്രായം തോന്നില്ല, അതുകൊണ്ട് മുതിര്‍ന്ന കഥാപാത്രങ്ങള്‍ക്കൊന്നും പറ്റില്ലെന്ന് ആരും പറയരുത്. ചെറുപ്പം എക്കാലത്തും ബാധ്യതയായിരുന്നുവെന്നും താരം പറയുന്നു. ചെറുപ്പം നഷ്ടപ്പെടുത്താന്‍ മടിക്കുന്നവരാണ് മിക്കവരും. എനിക്ക് എനിക്ക് അതിനൊരു മടിയുമില്ല. അമ്ബട ഞാനേ എന്ന സിനിമയില്‍ എണ്‍പതു വയസുകാരനെ അവതരിപ്പിച്ച നെടുമുടി വേണുവും കരിയറിന്റെ തുടക്കത്തില്‍ പടയോട്ടം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വേഷം ചെയ്ത മമ്മൂട്ടിയും മുന്നിലുണ്ട്. പിന്നെ നമ്മളെന്തിന് ചെറുപ്പമാകണം? ഐ ലുക്ക് യങ്, ബട്ട് അയാം നോട്ട് യങ് എന്ന ബോധ്യം എനിക്കുണ്ട്, എന്നും ജഗദീഷ് പറയുന്നു.