അരൂരില്‍ നിന്ന് കാണാതായ 15 വയസ്സുകാരി കാസര്‍കോട്ടെത്തിയ സംഭവം; കേസിലുള്‍പ്പെട്ട കൗമാരക്കാരന്‍ പൊലീസിനെ വെട്ടിച്ചുകടന്നു; രക്ഷപ്പെട്ടത് തെളിവെടുപ്പിനായി കൊണ്ടുപോകും വഴി
സ്വന്തം ലേഖിക
ഉദുമ: ആലപ്പുഴ അരൂരില്‍ നിന്ന് കാണാതായ 15 വയസ്സുകാരി കാസര്‍കോട്ടെത്തിയ സംഭവത്തിലുള്‍പ്പെട്ടവരിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.
ബദിയഡുക്ക നീര്‍ച്ചാലിലെ കൗമാരക്കാരനാണ് പെരിയ ബസാറില്‍വെച്ച് അരൂര്‍ പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരൂര്‍ സ്റ്റേഷന്‍ പരിധിയിലെ 15-കാരിയെ കാണാതായ കേസന്വേഷിക്കുന്ന സംഘം പെണ്‍കുട്ടിയടക്കം മൂന്നുപേരെ നീര്‍ച്ചാലില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയുംകൊണ്ട് അരൂരിലേക്ക് പോകുംവഴി ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ പെരിയ ബസാറില്‍ ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തി.
ഈ സമയത്താണ് കൗമാരക്കാരന്‍ അരൂര്‍ പൊലീസിൻ്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തെന്ന് ഡിവൈഎസ്‌പി സി കെ സുനില്‍കുമാര്‍ പറഞ്ഞു.
മലപ്പുറത്തു നിന്നുള്ള പെണ്‍കുട്ടിയുടെ കുടുംബം ആലപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15-കാരി നീര്‍ച്ചാലിലെ കൗമാരക്കാരനുമായി അടുക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതാവുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അരൂര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെയും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു കൗമാരക്കാരനെയും അരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടു പോയി. സിഐ യു പി വിപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.