മഴയൊഴിഞ്ഞതിനു പിന്നാലെ ജില്ലയിൽ കൂട്ട അപകടം: ചങ്ങനാശേരിയിലും രാമപുരത്തും സ്ത്രീകൾ അപകടത്തിൽ മരിച്ചു; രണ്ടു സ്ത്രീകളും മരിച്ചത് മക്കളുടെ കൺമുന്നിൽ: വില്ലനായത് അശ്രദ്ധയും അമിത വേഗവും
സ്വന്തം ലേഖകൻ
കോട്ടയം: ഇരുപത്തിനാല് മണിക്കൂറിനിടെ ജില്ലയിലുണ്ടായ രണ്ടു അപകടങ്ങളിലായി രണ്ടു സ്ത്രീകൾ മരിച്ചു. ചങ്ങനാശേരിയിലും, രാമപുരത്തുമാണ് അപകടത്തിൽ വീട്ടമ്മമാർ മരിച്ചത്. ചങ്ങനാശേരിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയാണ് അപകടത്തിൽ മരിച്ചത്. രാമപുരം സ്വദേശിയായ വയോധികയാണ് ബസിൽ നിന്നും വീണു മരിച്ചത്. രണ്ട് അപകടങ്ങളും മക്കളുടെ കൺമുന്നിലാണ് സംഭവിച്ചത്.
ചങ്ങനാശേരിയിൽ മകൾ ഓടിച്ച സ്‌കൂട്ടറിനു പിന്നിലിരുന്ന അമ്മയാണ് അപകടത്തിൽ മരിച്ചത്. കൊടുങ്ങൂർ ഇളംമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യ ശോഭന (54)യാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ ഗീതുവിനെ (27) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്‌കൂട്ടറിൽ ഇടിച്ച കാർ നിർത്താതെ പോയി. പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് കാർ സ്‌റ്റേഷനിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതി. ഗീതുവും അമ്മയും ചങ്ങനാശേരി ബൈപ്പാസിൽ മോർക്കുളങ്ങര ഭാഗത്തു നിന്നും വരികയായിരുന്നു. റെയിൽവേ സ്‌റ്റേഷൻ – പാലാത്രാ റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ ഇവരുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. റോഡിൽ തലയിടിച്ച് വീണ ശോഭന ഉടൻ തന്നെ അബോധാവസ്ഥയിലായി. ഇവിടെ നിന്നും ഇവരെ ഉടൻ തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റ ഗീതുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമപുരത്ത് ബസിൽ നിന്നു വീണ് വയോധികയാണ് മരിച്ചത്. സ്വകാര്യ ബസിന്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് തെറിച്ചു വീണ ഇവർ തൽക്ഷണം മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ രാമപുരം ഇരുമ്പൂഴിക്കൽ ജംഗ്ഷനിലായിരുന്നു അപകടം. രാമപുരം സ്വദേശി മേരിയാണ് (70) അപകടത്തിൽ മരിച്ചത്. രാമപുരത്തു നിന്നു സമീപത്തെ ജംഗ്ഷനിലേയ്ക്കു പോകാനായാണ് ഇവർ ശ്രാവൺ ബസിൽ കയറിയത്. യാത്ര ചെയ്യുന്നതിനിടെ ബസിന്റെ ഡോർ തുറന്നു പോകുകയും ഇവർ പുറത്തേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു. അപകടത്തിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ഒപ്പമുണ്ടായിരുന്ന മകളും പുറത്തേയ്ക്ക് തെറിച്ചു വീണു. മകൾക്കും പരിക്കേറ്റിട്ടുണ്ട്. മേരിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ രാമപുരം പൊലീസ് കേസെടുത്തു.