കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം
കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം. റോഡിൽ നിർത്തിയിട്ടിരുന്ന കാറുകള്‍ ഉള്‍പ്പെടെ പതിമൂന്നോളം വാഹനങ്ങളിൽ ബസ് ഇടിച്ചു. വാഹനങ്ങളിൽ ഉണ്ടായിരുന്ന ധാരാളം ആളുകൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ കൊച്ചി ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപമാണ് അപകടം.
ഫോര്‍ട്ട് കൊച്ചയില്‍ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. റോഡിന് വശത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിനുപിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിച്ചു.
സംഭവത്തില്‍ പതിമൂന്നോളം വാഹനങ്ങള്‍ക്ക് വലിയതോതിലുള്ള കേടുപാടുണ്ടായി. മുന്‍ഭാഗവും വശങ്ങളും പൂര്‍ണമായി തകര്‍ന്ന കാറുകളും ഇതിലുണ്ട്. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെ ബ്രേക്ക് പെഡല്‍ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്നും ദൂരെനിന്നു ബസിന്റെ വരവ് കണ്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group