play-sharp-fill
ഇരുചക്ര വാഹനം കേബിളിൽ കുരുങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : ശക്തമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

ഇരുചക്ര വാഹനം കേബിളിൽ കുരുങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : ശക്തമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

എറണാകുളം: കളമശേരി ഇഖറ മസ്ജിദ് ഇമാം അബ്ദുൾ അസീസ് സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനം റോഡിൽ താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇമാമിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ശക്തമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സംഭവത്തെ കുറിച്ച് കൃത്യമായ വിശദീകരണം നൽകുന്നതിനായി ജില്ലാ പോലീസ് മേധാവിയും (കൊച്ചി സിറ്റി) കളമശേരി മുൻസിപ്പൽ സെക്രട്ടറിയും ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്ന് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കാക്കനാട്) സിറ്റിങിൽ നേരിട്ട് ഹാജരാകണം. സെപ്റ്റംബർ 13 ന് രാവിലെ 10.30 ന് പത്തടി പ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിലാണ് ഉദ്യോഗസ്ഥർ ഹാജരാകേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2024 ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12 ന് എച്ച്. എം. റ്റി – എൻ.എ. ഡി റോഡിൽ കീഡ് എന്ന സ്ഥാപനത്തിന് മുന്നിലാണ് അബ്ദുൾ അസീസിന് അപകടം സംഭവിച്ചത്.

അബ്ദുൾ അസീസിന് അപകടമുണ്ടാക്കിയ കേബിൾ ഏത് ഏജൻസിയാണ് സ്ഥാപിച്ചത്, അതിന് മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ ഏജൻസിയുടെയോ വിവരങ്ങൾ എന്നിവ കളമശേരി മുൻസിപ്പൽ സെക്രട്ടറിയും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇപ്രകാരം അനുമതി വാങ്ങിയിരുന്നുവെങ്കിൽ അതിന്റെ രേഖകളും ഹാജരാക്കണം.

അപകടത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ആർക്കെതിരെ, ഏത് സ്റ്റേഷനിൽ, ഏതൊക്കെ വകുപ്പുകൾ ചേർത്തു എന്നീ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അസിസ്‌റ്റന്റ് കമ്മീഷണർ റാങ്കിലുള്ള പോലീസ് ഉദ്യേഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് ജില്ലാ പോലീസ് മേധാവി സമർപ്പിക്കണം. ഇതിൽ അബ്ദുൾ അസീസിന്റെ ചികിത്സാ വിശദാംശങ്ങൾ, ഇപ്പോഴത്തെ സ്ഥിതി, ഡോക്ടറുടെ മൊഴി എന്നിവ ഉൾപ്പെടുത്തണം. എഫ്.ഐ. ആർ. ഉണ്ടെങ്കിൽ പകർപ്പും ഹാജരാക്കണം. റിപ്പോർട്ടുകൾ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ചെമ്പുമുക്ക് പള്ളിക്ക് സമീപം 2022 ജൂണിൽ അലൻ ആൽബർട്ട് എന്നയാൾ കേബിൾ കഴുത്തിൽ കുരുങ്ങി മരിച്ചതിനെ തുടർന്ന് കമ്മീഷൻ പാസാക്കിയ ഉത്തരവ് നടപ്പാക്കാത്തത് കാരണമായിരിക്കാം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അലക്ഷ്യവും അപകടകരവുമായി സ്ഥാപിച്ച കേബിളുകൾ നീക്കണമെന്ന് 2022 ഒക്ടോബർ 22 ന് പാസാക്കിയ ഉത്തരവിൽ കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർ നടപടികൾക്ക് തദ്ദേശ സ്വയം ഭരണ, പൊതു മരാമത്ത് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിരുന്നു.