വാസവൻചേട്ടനിറങ്ങി, ആയിരക്കണക്കിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒപ്പമിറങ്ങി: രണ്ടു ലക്ഷം പേർക്കു ആവശ്യത്തിന് ഭക്ഷണം നൽകി, കൊറോണക്കാലത്ത് അഭയത്തിന്റെ നേതൃത്വം

വാസവൻചേട്ടനിറങ്ങി, ആയിരക്കണക്കിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒപ്പമിറങ്ങി: രണ്ടു ലക്ഷം പേർക്കു ആവശ്യത്തിന് ഭക്ഷണം നൽകി, കൊറോണക്കാലത്ത് അഭയത്തിന്റെ നേതൃത്വം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് കോട്ടയത്തിന്റെ മണ്ണിൽ നന്മയുടെ കൈ നീട്ടി, നാടിന് മുഴുവൻ സഹായവുമായി അഭയം ചാരിറ്റബിൾ സൊസൈറ്റി. കഷ്ടപ്പെടുന്നവർക്കും ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായി ഭക്ഷണവും ആവശ്യമായ സഹായങ്ങളും വിതരണം ചെയ്താണ് അഭയം മാതൃക കാട്ടുന്നത്. ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ കരുതലിന്റെ കരങ്ങളുമായി ജില്ലയിലെ 32 കേന്ദ്രങ്ങളിലാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി സജീവമായി പ്രവർത്തിക്കുന്നത്.

 

കോട്ടയം നഗരത്തിൽ തിരുനക്കര ക്ഷേത്രത്തിനു സമീപത്ത് ബസന്ത് ഹോട്ടലിലാണ് അഭയത്തിന്റെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ജില്ലയിലെ 32 കേന്ദ്രങ്ങളിലാണ് രാവിലെയും വൈകിട്ടും ഉച്ചയ്ക്കും സാധാരണക്കാർക്ക് കൃത്യ സമയത്ത് അഭയം ഭക്ഷണം എത്തിക്കുന്നത്. ഇത് കൂടാതെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അടക്കം ആയിരക്കണക്കിന് ആളുകൾക്ക് അഭയം ദിവസവും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാത്തിനും ചുക്കാൻ പിടിച്ച് സാമൂഹിക സേവന രംഗത്ത് ഒരു രാഷ്ട്രീയ പാർട്ടി എങ്ങിനെയാകണമെന്ന് ചൂണ്ടിക്കാട്ടുകയാണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ. അഭയത്തിന്റെ ജില്ലാ തല രക്ഷാധികാരിയും ചെയർമാനുമാണ് വി.എൻ വാസവൻ. കൊറോണ ആദ്യമായി ജില്ലയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ആദ്യം മുതൽ വി.എൻ വാസവൻ മുന്നിലുണ്ടായിരുന്നു. ചെങ്ങളത്ത് കൊറോണ സ്ഥിരീകരിച്ച രോഗികളെ വീട്ടിലെത്തി സന്ദർശിക്കാനും, അഭയത്തിന്റെ ആംബുലൻസിൽ ഇവരെ ആശുപത്രിയിൽ എത്തിക്കാനും നേതൃത്വം നൽകിയത് വി.എൻ വാസവനായിരുന്നു.

ഇതിനു ശേഷം എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിർദേശം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയിരുന്നു. ഇതോടെ അമിത വില ഈടാക്കിയ മെഡിക്കൽ സ്‌റ്റോർ ഉടമകൾ കൊള്ളവിലയ്ക്കാണ് മാസ്‌കുകൾ വിറ്റത്. ഇതിനെ പ്രതികരിക്കാനായാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി ആദ്യം രംഗത്ത് ഇറങ്ങിയത്. മാസ്‌കിനു പകരം വീതിയേറി തുവാലകൾ നിർമ്മിച്ച് സൗജന്യമായി അഭയം വിതരണം ചെയ്തു. പൊലീസുകാർക്കും, സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും തുവാലകൾ സൗജന്യമായി വിതരണം ചെയ്യുകയാണ് അഭയം ചെയ്തത്.

ഇതിനു ശേഷമാണ് രാജ്യം മുഴുവൻ 21 ദിവസത്തെ ആദ്യ ഘട്ട സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സംസ്ഥാനത്ത് എല്ലായിടത്തും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കണം എന്നു പ്രഖ്യാപിച്ചത്. ഇതോടെ അഭയത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ അഭയം ജില്ലയിൽ ജനകീയ ഹോട്ടൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ കമ്മ്യൂണിറ്റി കിച്ചണാക്കി മാറ്റിയത്.

ഒരു രൂപ പോലും സർക്കാർ ഫണ്ടോ സഹായമോ ഇല്ലാതെയാണ് അഭയം പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് രണ്ടര ലക്ഷത്തോളം ആളുകൾക്കാണ് ജില്ലയിൽ അഭയം ഭക്ഷണം നൽകിയത്. സന്നദ്ധ സംഘടനകളും, സാധാരണക്കാരായ ആളുകളും അടക്കമുള്ളവരാണ് അഭയത്തിനു വേണ്ടി കൈ മെയ് മറന്നു പ്രവർത്തിക്കുന്നത്. ജില്ലയിലെ ആയിരക്കണക്കിന് ഡിവൈ.എഫ്.ഐ പ്രവർത്തകരാണ് ‘വാസവൻ ചേട്ടന്റെ’ നേതൃത്വത്തിൽ രംഗത്തിറങ്ങിയിരിക്കുന്നത്.

മുണ്ടക്കയത്ത് ജില്ലാ പഞ്ചായത്തംഗം കെ.രാജേഷിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ അഭയമുണ്ട്. മാസ് നിർമ്മാണവും, ഭക്ഷണ വിതരണവും, മരുന്നു വിതരണവും അടക്കമുള്ളവയുമായാണ് അഭയം രംഗത്ത് എത്തുന്നത്. മന്ത്രി തോമസ് ഐസക്ക് തന്നെ നേരിട്ടെത്തി അഭയത്തിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരവും നൽകിയിരുന്നു. വരും ദിവസങ്ങളിൽ കോട്ടയത്തെ ജനങ്ങൾക്കു കരുണയുടെ തണൽ തീർത്ത് അഭയം മുന്നിലുണ്ടാകും..!