ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസിനിടെ സഭയെ പ്രതിരോധത്തിലാക്കി വീണ്ടും അഭയക്കേസും: പ്രതികളായ വൈദികരുടെ കേസ് ഇന്ന് പരിഗണിക്കും
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ പയസ്‌ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ വിചാരണ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ പുനരാരംഭിക്കും. ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സഭയും, സാക്ഷികളായ നാല് കന്യാസ്ത്രീകളും നേർക്കുനേർ പോരാടുമ്പോഴാണ് ഇപ്പോൾ വീണ്ടും അഭയക്കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. 1992 ൽ മരിച്ച അഭയയുടെ മരണത്തിലെ ദുരൂഹതമാറ്റാനാവാതെ സഭ ഇപ്പോഴും പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ്, ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയെ അടക്കം സഭ നീതി നൽകാതെ പിൻതുടർന്ന് വേട്ടയാടുന്നത്.
സിസ്റ്റർ അഭയയുടെ ദുരൂഹ മരണത്തിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം അടക്കമുള്ളവ സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സ്‌റ്റെഫി, ഫാ.ജോസ് പൂതൃക്കയിൽ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ മുൻ എസ്.പി കെ.ടി മൈക്കിളിനെയും സിബിഐ പ്രതിചേർത്തിട്ടുണ്ട്. ഇതിനിടെ തെളിവുകളുടെ അഭാവത്തിൽ ഫാ.ജോസ് പൂതൃക്കയിലിനെ സിബിഐകോടതി വിട്ടയച്ചിരുന്നു.
ഇതിനിടെ കേസിലെ പ്രതികളെല്ലാവരും ഹൈക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയിലെ തീരുമാനം നീളുന്നതാണ് കേസ് പരിഗണിക്കുന്നത് സിബിഐ കോടതിയിൽ വൈകുന്നത്. 1992 ൽ ആരംഭിച്ചിട്ടും എങ്ങും എത്താത്ത അഭയക്കേസിന്റെ വിധി തന്നെയാകുമോ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലും ഉണ്ടാകുക എന്നാണ് കേരളം ഉറ്റു നോക്കുന്നത്.