അർബുദ രോഗിയായ യുവാവിന്റെ ചികിത്സയ്ക്ക് നാട്ടുകാർ പിരിച്ച് നൽകിയ പണം മോഷ്ടിച്ചതിന് ശേഷം വീടിന് തീയിട്ടു

അർബുദ രോഗിയായ യുവാവിന്റെ ചികിത്സയ്ക്ക് നാട്ടുകാർ പിരിച്ച് നൽകിയ പണം മോഷ്ടിച്ചതിന് ശേഷം വീടിന് തീയിട്ടു

 

സ്വന്തം ലേഖകൻ

കാസർകോട്: അർബുദ രോഗിയായ യുവാവിന് നാട്ടുകാർ പിരിച്ച് നൽകിയ പണം മോഷ്ടിച്ച് അയൽവാസിയുടെ ക്രൂരത. ചികിത്സയ്ക്ക് വേണ്ടി നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണം അയൽവാസി കവരുകയും യുവാവിന്റെ വീടിന് തീയിടുകയും ചെയ്തു.

സംഭവത്തിൽ പ്രതിയായ മുട്ടത്തൊടി തെക്കോമൂലയിൽ അബ്ദുൽ ലത്തീഫ്(36)നെ അറസ്റ്റ് ചെയ്ത് കാസർകോട് കോടതി റിമാൻഡ് ചെയ്തു.നായന്മാർമൂല റഹ് മാനിയ നഗറിലെ പാലോത്ത് ഷിഹാബിന്റെ വീടാണ് തിങ്കളാഴ്ച കത്തിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേ മുക്കാൽ ലക്ഷം രൂപയും കവർച്ച ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീമോതെറാപ്പി ചെയ്യാനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു ഷിഹാബും കുടുംബവും. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കത്തിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഖുർആൻ എടുത്ത് പുറത്തുവെച്ച നിലയിലായിരുന്നു.

വിദ്യാനഗർ എസ്ഐയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ അയൽവാസിയായ അബ്ദുൽ ലത്തീഫാണ് പ്രതിയെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. വീട്ടിൽ മോഷണം നടത്തിയത് താനാണെന്ന് ലത്തീഫ് പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ശിഹാബിന്റെ വീട്ടിൽ കടലാസിൽ തീ കത്തിച്ചാണ് ഇയാൾ മോഷണത്തിനായി കയറിയത്. ഈ തീ കെടുത്താതെ വീട്ടിൽ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇതിൽ നിന്നായിരിക്കാം വീട്ടിലേക്ക് തീ പടർന്നത് എന്നാണ് സൂചന.

നേരത്തെ ഷിഹാബിന്റെ വീടിന് പൂട്ട് വാങ്ങിച്ചു കൊടുത്തത് ലത്വീഫായിരുന്നു. പൂട്ട് വാങ്ങിയ സമയം മൂന്ന് താക്കോൽ കിട്ടിയെങ്കിലും രണ്ടെണ്ണമാണ് ഷിഹാബിന് നൽകിയത്. മറ്റേ താക്കോൽ ഉപയോഗിച്ച് വീട്ടുകാർ ആശുപത്രിയിൽ പോയ സമയം കവർച്ചയ്ക്ക് കയറുകയായിരുന്നു.