വ്യത്യസ്ഥമായ ഒരു ഡ്യൂട്ടി അനുഭവം പങ്കുവെച്ച് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടർ; “എന്നോട് ഒപി ചോദിച്ചപ്പോള്‍ മനസിലായി ഇവള് വളയുന്ന ടൈപ്പ് ആണെന്ന് പറഞ്ഞ് യുവതിയെ ശല്യം ചെയ്ത ആൾ പിടിയിൽ
സ്വന്തം ലേഖകൻ
തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ ഒരു യുവതിക്കുണ്ടായ അനുഭവം
പങ്കുവച്ചുകൊണ്ടുള്ള കണ്ടക്ടറുടെ കുറിപ്പ് വൈറല്‍. തൊടുപുഴയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള ബസിലാണ് സംഭവം. തൊടുപുഴ ഡിപ്പോയിലെ കണ്ടക്ടര്‍ നൂറുദ്ദീന്റെ അനുഭവമാണ് സോഷ്യല്‍ മീഡിയയല് ശ്രദ്ധനേടുന്നത്. ബസ് കുന്ദമംഗലം എത്തിയപ്പോള്‍ ഒരാള്‍ ബസില്‍ കയറി യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഒടുവില്‍ മോശമായി പെരുമാറിയ ആളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് താന്‍ മടങ്ങിയതെന്നും കണ്ടക്ടര്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വ്യത്യസ്ഥമായ ഒരു ഡ്യൂട്ടി അനുഭവം😀😀
തൊടുപുഴയില്‍ നിന്നും മാനന്തവാടിയിലേക്ക് ഉള്ള ഡ്യൂട്ടിയില്‍, കോഴിക്കോട് കഴിഞ്ഞ് കുന്ദമംഗലം എത്തിയപ്പോള്‍,ഒരാള്‍ ധൃതിയില്‍ ബസിന്റെ മുന്‍ഭാഗത്ത് കൂടി കയറി, ഡ്രൈവര്‍ക്ക് പിറകില്‍ മൂന്ന് പേര്‍ക്കിരിക്കാവുന്ന ലേഡീസ് സീറ്റിന് അടുത്തെത്തി. അയാള്‍ ഒരു ലേഡി യോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിചയക്കാര് ആയിരിക്കും എന്ന് വിചാരിച്ചു ടിക്കറ്റ് കൊടുത്ത് മുന്നോട്ടുപോകാന്‍ തുടങ്ങുമ്ബോള്‍, “ഇയാളെ ബാക്ക് സീറ്റിലേക്ക് ഇരുത്ത് സാറേ”,ആ സീറ്റില്‍ ഇരുന്ന ഒരു ലേഡി ആവശ്യപ്പെട്ടു. ഞാന്‍ എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ലേഡീസ് സീറ്റില്‍ രണ്ടു പേരെ ഉള്ളൂ അത്രേ, ഇയാള്‍ക്ക് ഞങ്ങളുടെ നടുക്ക് ഇരിക്കണം എന്നാണ് പറയുന്നത്. കര്‍ത്തവ്യ ബോധവും സഹപ്രവര്‍ത്തകന്റെ അനുഭവവും മുന്നില്‍ വച്ചു ഒരൊറ്റ അലര്‍ച്ച,അയാള്‍ ഓടിപ്പോയി കണ്ടക്ടര്‍ സീറ്റിന് തൊട്ട് അടുത്തിരുന്നു.
എന്തെങ്കിലും മോശമായി അയാളുടെ ഭാഗത്തുനിന്നും പെരുമാറ്റം ഉണ്ടായോ എന്നറിയാന്‍ ഞാന്‍ വീണ്ടും ആ ലേഡിയുടെ അടുത്തെത്തി. ഇല്ല പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞ് അവര്‍ ചിരിച്ചു. കുറച്ചുകൂടി വണ്ടി മുന്നോട്ട് നീങ്ങിയപ്പോള്‍ വീണ്ടും അയാള്‍ ആ ലേഡിയുടെ അടുത്തു നിന്ന് സംസാരിക്കുന്നു, അവര്‍ എന്നെ കൈകാട്ടി വിളിക്കും മുന്നേ ഞാന്‍ ഓടിച്ചെന്നു.” സര് ഇയാള്‍ക്ക് ഗൂഗിള്‍പേ ചെയ്ത് 200 രൂപ കൊടുക്കണമെന്ന്,പിന്നെ എന്നോട് ഇയാള്‍ മോശമായി സംസാരിക്കുന്നു”. പെട്ടെന്ന് ഞാന്‍ അയാളെ അവിടെ നിന്നും മാറ്റി നിര്‍ത്തിയിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി പോകട്ടെ എന്ന് പറഞ്ഞു. “അയാളെ പോലീസില്‍ ഏല്‍പ്പിക്കണം “എന്ന് പറഞ്ഞ ശേഷം, ആ ലേഡി ആരെയോ ഫോണ്‍ ചെയ്യുന്നത് കണ്ടു.
ഫോണ്‍ കട്ട് ചെയ്തിട്ട് “പരാതിയൊന്നുമില്ല.അയാള്‍ താമരശ്ശേരി ഇറങ്ങിപ്പോകില്ലേ?”എന്നു പറഞ്ഞു അതൊരു ശരിയായ രീതി ആയി തോന്നാത്തതിനാല്‍ താമരശ്ശേരി സ്റ്റേഷനുമുന്നില്‍ വണ്ടി നിര്‍ത്തിച്ചു. എസ്ഐയോട് കാര്യം പറഞ്ഞു. എസ് ഐ യും നാലോ അഞ്ചോ പോലീസുകാരും വന്ന് അയാളെയും പരാതിക്കാരിയെയും എന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലേഡിയോട് പരാതി എഴുതി തരാന്‍ പറഞ്ഞു. അവര്‍ക്ക് എന്തോ ഭയം പോലെ. സര്,”എനിക്ക് ഇയാളെ പരിചയം ഇല്ല. ഇനി കാണുവാനും സാധ്യത ഇല്ല. അതിനാല്‍ കേസ് ഒന്നും വേണ്ട സാര്‍.
എസ് ഐ പിന്നെ അയാളോട്, എന്താണ് ഈ സ്ത്രീയോട് പൈസ ചോദിക്കാന്‍ മാത്രം ഉള്ള ബന്ധം എന്ന് ചോദിച്ചു.ഞാന്‍ കുറച്ചു മുന്‍പ് മെഡിക്കല്‍ കോളേജില്‍ വച്ച് ഇവരെ കണ്ടിരുന്നു.അവരുടെ ഒരു അയല്‍വാസി അവിടെ സുഖമില്ലാതെ കിടക്കുന്നുണ്ട്. ഇവര്‍ അവരെ കാണാന്‍ അവിടെ വന്നതായിരുന്നു. മെഡിക്കല്‍ കോളേജില്‍ ഒ. പി.എവിടെയാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. അവര്‍ എന്നോട്എവിടെയാണ് ഒ. പി. എന്ന് ചോദിച്ചു.
ഒ. പി.യിലേക്കുള്ള വഴി ഞാന്‍ കാണിച്ചു കൊടുത്തു. എന്നോട് ഒ. പി. ചോദിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഇവള് വളയുന്ന ടൈപ്പ് ആണെന്ന്, അങ്ങനെ ഞാന്‍ ഇവളെ ഫോളോ ചെയ്തതാണ്. സ്തബ്ധനായ് നിന്ന എന്റെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ചില മലയാളം പ്രാസങ്ങള്‍ അപ്പോള്‍ അവിടെ മുഴങ്ങുന്നത് കേട്ടു.
ശേഷം അവനെയും കൊണ്ട് രണ്ടു പോലീസുകാര്‍ അകത്തേക്ക് പോയി.അവന് ഗൂഗിള്‍ പേ ആണോ ഇടയില്‍ ഇരിക്കാനുള്ള അവസരം ആണോ സ്റ്റേഷനില്‍ കിട്ടിയിട്ടുണ്ടാവുക എന്നറിയാതെ,പരിചയമില്ലാത്തവരോട് സ്ത്രീകള്‍ ഓപ്പറേഷന് തിയേറ്റര്‍ ചോദിച്ചാലും ഒ. പി. എവിടെയാണെന്ന് ചോദിക്കരുത് എന്ന് മനസ്സില്‍ ഉപദേശിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.