വിയ്യൂർ ജയിലിൽ കഴിയുന്ന കെനിയൻ യുവതിയുടെ അബോര്‍ഷൻ സാധ്യത പരിശോധിക്കാൻ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും ; മാര്‍ച്ച് 14ന് പരിശോധനക്ക് ഹാജരാകാൻ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: അബോർഷന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കെനിയൻ യുവതിയോട് മാർച്ച് 14ന് വൈദ്യപരിശോധനക്ക് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഗർഭച്ഛിദ്രത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാൻ മെഡിക്കല്‍ ബോർഡ് രൂപീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. വിയ്യൂരിലെ വനിതാ ജയിലില്‍ കഴിയുന്ന മുപ്പത്തിരണ്ട് വയസുള്ള യുവതിയാണ് രണ്ടു മാസമായ ഗർഭം ഇല്ലാതാക്കാൻ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയം പരിശോധിക്കാൻ മെഡിക്കല്‍ ബോർഡ് രൂപീകരിക്കണെമെന്ന് തൃശൂർ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. മാർച്ച് 14ന് യുവതിയെ പരിശോധനക്കായി ബോർഡിന് മുന്നില്‍ ഹാജരാക്കാൻ ജയില്‍ സൂപ്രണ്ടിനോടും കോടതി ഉത്തരവിട്ടു. കൃത്യമായ രേഖകളില്ലാതെ എറണാകുളത്ത് നെട്ടൂരില്‍ താമസിക്കുകയായിരുന്ന യുവതിയെ ഇക്കഴിഞ്ഞ ജനുവരി 11നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിലാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നാണ് ഹർജിക്കാരിയുടെ വാദം. വയറിലെ കൊഴുപ്പ് കളയാൻ ശസ്ത്രക്രിയ ചെയ്തതിനാല്‍ മൂന്ന് വർഷത്തേക്ക് ഗർഭം ധരിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും യുവതി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗർഭച്ഛിദ്രം നടത്തണമെന്ന ആവശ്യവുമായി ജയില്‍ സൂപ്രണ്ടിനെ സമീപിച്ചപ്പോഴാണ് കോടതിയുടെ അനുവാദം വേണമെന്ന് അറിഞ്ഞത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. യുവതിയുടെ ജാമ്യാപേക്ഷ നേരത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു